120 കിലോയിൽ നിന്ന് 71 കിലോയിലേക്കൊരു ഫിറ്റ്നെസ് യാത്ര; 49 കിലോ കുറച്ച രഹസ്യം പങ്കുവെച്ച് യുവതി

മുസ്കാൻ 120 കിലോ ശരീരഭാരമുള്ളപ്പോഴും ഭാരം കുറച്ച ശേഷവും | Photos: instagram
മുസ്കാൻ 120 കിലോ ശരീരഭാരമുള്ളപ്പോഴും ഭാരം കുറച്ച ശേഷവും | Photos: instagram

ഉറച്ച മനസുണ്ടെങ്കില്‍ ആര്‍ക്കും നേടിയെടുക്കാവുന്ന ഒന്നാണ് ഫിറ്റ്‌നെസ്. ശരീരഭാരം കുറച്ച് ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ പേരാണ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് പ്രചോദനമാണ് മുസ്‌കാന്‍ എന്ന യുവതി. തന്റെ 25-ാം വയസില്‍ 120 കിലോയുണ്ടായിരുന്ന ശരീരഭാരം 49 കിലോഗ്രാം കുറച്ച് 71 കിലോഗ്രാമിലെത്തിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് മുസ്‌കാന്‍. 

ഇന്‍സ്റ്റഗ്രാമിലാണ് മുസ്‌കാന്‍ തന്റെ വെയിറ്റ് ലോസ് സ്‌റ്റോറി പങ്കുവെച്ചത്. 120 കിലോയില്‍ നിന്ന് 71 കിലോയിലേക്കുള്ള തന്റെ ഫിറ്റ്‌നെസ് യാത്രയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്. എങ്ങനെയാണ് താന്‍ ഇത് നേടിയെടുത്തതെന്നും മുസ്‌കാന്‍ ഇന്‍സ്റ്റഗ്രാമില്‍ വിശദീകരിച്ചിട്ടുണ്ട്. കൃത്യമായ വ്യായാമത്തിനൊപ്പം കര്‍ശനമായ ഭക്ഷണക്രവും പാലിച്ചാണ് മുസ്‌കാന്‍ ഇത് സാധ്യമാക്കിയത്. 

ഒരുദിവസം എന്തെല്ലാമാണ് താന്‍ കഴിക്കുന്നതെന്ന് മുസ്‌കാന്‍ മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചു. രാവിലെ ഏഴിനും എട്ടിനുമിടയില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളമോ ജീരകവെള്ളമോ കുടിക്കും.  ശേഷം ഒരു പുഴുങ്ങിയ മുട്ടയും വെള്ളത്തില്‍ കുതിര്‍ത്ത അഞ്ച് ബദാമും കഴിക്കും. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ലഭിക്കാനാണിതെന്ന് മുസ്‌കാന്‍ പറയുന്നു. 

ഒമ്പതിനാണ് പ്രഭാതഭക്ഷണം. ഓട്‌സ് കൊണ്ടുള്ള പലഹാരമോ ഉപ്പുമാവോ ആണ് പതിവ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബറുണ്ട്. കട്ടന്‍ കാപ്പി അല്ലെങ്കില്‍ ഗ്രീന്‍ ടീ ഒപ്പം. ഉച്ചയ്ക്ക് 12 മണിക്ക് ആപ്പിള്‍ അല്ലെങ്കില്‍ പേരക്ക ഒരെണ്ണം. പ്രകൃതിദത്തമായ പഞ്ചസാരയും ഫൈബറും ലഭിക്കാനാണ് ഇത്. ഒപ്പം ഒരുപിടി 'മഖാന'യും. കലോറി കുറഞ്ഞ ക്രഞ്ചി സ്‌നാക്കാണ് ഇത്. 

രണ്ടിനും മൂന്നിനുമിടയിലാണ് ഉച്ചഭക്ഷണം. ഒരു കപ്പ് ക്വിനോവ അല്ലെങ്കില്‍ തവിട് കളയാത്ത അരി കൊണ്ടുള്ള ചോറ്. ഗ്രില്‍ ചെയ്ത പനീര്‍ അല്ലെങ്കില്‍ ചിക്കനോ പരിപ്പോ. ഇത് പ്രോട്ടീന് വേണ്ടിയാണ്. ഇവയ്‌ക്കൊപ്പം ധാരാളമായി സാലഡും കഴിക്കും. തക്കാളി, കാരറ്റ്, കക്കിരിക്ക എന്നിവയാണ് പ്രധാനമായി സാലഡിലുണ്ടാകുക. 

വൈകീട്ട് അഞ്ചുമണിക്ക് പ്രോട്ടീന്‍ ഷേക്കും ഹെര്‍ബല്‍ ടീയും കഴിക്കും. ഏഴുമണിക്കാണ് രാത്രിഭക്ഷണം. ഗ്രില്‍ ചെയ്ത മത്സ്യം, പനീര്‍ എന്നിവയ്‌ക്കൊപ്പം വഴറ്റിയെടുത്ത പച്ചക്കറികളുമുണ്ടാകും. ഇതല്ലെങ്കില്‍ ക്ലിയര്‍ സൂപ്പാണ് അത്താഴത്തിന്. കാര്‍ബോ ഹൈഡ്രേറ്റ് രാത്രിയില്‍ പൂര്‍ണമായി ഒഴിവാക്കിയതാണ് തന്റെ വെയിറ്റ് ലോസ് കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മുസ്‌കാന്‍ ഓര്‍മ്മിപ്പിക്കുന്നു. 

രാത്രിയില്‍ കൊതിവന്നാല്‍ അതിനും മുസ്‌കാന്റെ ഡയറ്റില്‍ പരിഹാരമുണ്ട്. പത്തുമണിയൊക്കെയാകുമ്പോള്‍ ഒരു കഷ്ണം ഡാര്‍ക്ക് ചോക്കലേറ്റ് (70 ശതമാനം) കഴിക്കാം. ഒപ്പം ജീരകവെള്ളമോ അയമോദക വെള്ളമോ കുടിക്കണം. ഇത് ദഹനത്തെ സഹായിക്കുമെന്നും മുസ്‌കാന്‍ പറയുന്നു. പഞ്ചസാരയും ജങ്ക് ഫുഡും പൂര്‍ണമായി ഒഴിവാക്കണമെന്നും ആദ്യം ഇത് ബുദ്ധിമുട്ടായി തോന്നുമെങ്കിലും വലിയമാറ്റമാണ് ഇതുണ്ടാക്കുകയെന്നും മുസ്‌കാന്‍ പറയുന്നു. 

Content Highlights: 25-year-old shares how she achieved a jaw-dropping 48 kg loss, without starving Read more at: http