വിമാനയാത്രയില്‍ ലെഗ്ഗിങ്‌സ് ധരിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്കറിയുമോ?; കാരണങ്ങള്‍ ഇതാണ്

പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. സ്റ്റൈലിഷിനോടൊപ്പം തന്നെ കംഫര്‍ട്ടബ്ള്‍ ആയ വസ്ത്രങ്ങളാണ് മിക്കവരും തെരഞ്ഞെടുക്കുക. പെണ്‍കുട്ടികള്‍ അധികവും ലെഗ്ഗിങ്‌സ് ധരിച്ചാണ് വിമാനത്തില്‍ യാത്ര ചെയ്യാറുള്ളത്. അവര്‍ക്ക് കംഫര്‍ട്ടബ്ള്‍ ആയ ഔട്ട്ഫിറ്റാണത്. എന്നാല്‍ വിമാനയാത്രയില്‍ ലെഗ്ഗിങ്‌സ് ധരിക്കുന്നത് എത്രത്തോളം അപകടമാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഒന്നിലധികം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ല്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ലെഗ്ഗിങ്‌സ് ധരിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിലക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. വിമാനദുരന്തങ്ങളെ കുറിച്ച് പുസ്തകമെഴുതിയ എഴുത്തുകാരി ക്രിസ്റ്റീന്‍ നെഗ്രോണി വിമാനയാത്രയില്‍ ലെഗ്ഗിങ്‌സ് ധരിക്കുന്നതിന്റെ അപകടം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. 

വിമാനത്തില്‍ തീപ്പിടിത്തമുണ്ടായാല്‍, അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് ലെഗ്ഗിങ്‌സ് നിര്‍മിച്ചിരിക്കുന്നതെന്നും യാത്രയില്‍ അത് ഒഴിവാക്കുന്നത് നല്ലതാണെന്നും 2022-ല്‍ 'ദ സണി'ന് നല്‍കിയ അഭിമുഖത്തില്‍ നെഗ്രോണി പറയുന്നു. 'എല്ലാവരും ഇപ്പോള്‍ വിമാനയാത്രകളില്‍ യോഗ പാന്റ്‌സാണ് ധരിക്കാറുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഫൈബറുകള്‍ കൊണ്ടുണ്ടാക്കിയ ഈ പാന്റ്‌സ് തീപ്പിടിത്തമുണ്ടായാല്‍ കൂടുതല്‍ അപകടങ്ങളുണ്ടാക്കും. ഇത് കത്തി ശരീരത്തില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. 

വിമാനാപകടങ്ങള്‍ അത്ര സാധാരണമല്ലെങ്കിലും സ്വയം സുരക്ഷിതരായിരിക്കേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണ്. സ്പാന്‍ഡെക്‌സ്, ലൈക്ര പോലുള്ള സിന്തറ്റിക് വസ്തുക്കള്‍ കൊണ്ടാണ് യോഗ പാന്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. നാച്ചുറല്‍ ഫൈബറുകള്‍ പോലെയല്ല സിന്തറ്റിക് മെറ്റീരയിലുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍. അത് കത്തിപ്പോയാല്‍ ഉരുകി ശരീരത്തില്‍ ഒട്ടിപ്പിടിക്കും. അടിയന്തരഘട്ടങ്ങളില്‍ ഇറുകിയ ലെഗ്ഗിങ്‌സ് ഊരിമാറ്റാനും പ്രയാസമാകും.'- നെഗ്രോണി അഭിമുഖത്തില്‍ പറയുന്നു.

നാച്ചുറല്‍ ഫൈബറുകള്‍കൊണ്ടുള്ള വസ്ത്രങ്ങളായാല്‍ തീപ്പിടിത്തമുണ്ടായാല്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നും അപകടഘട്ടങ്ങളില്‍ സീറ്റുകള്‍ക്ക് മുകളിലൂടെ കയറാന്‍ കഴിയുന്ന തരത്തില്‍ ചലനസ്വാതന്ത്യം നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും നെഗ്രോണി കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlights: wearing leggings on a flight journey