‘ഇന്ത്യയിലെ അമ്മമാർ ഇങ്ങനെയാണ്’; ഭക്ഷണം കുക്കറോടെ കൊണ്ടുവന്നു, ട്രെയിൻ യാത്രയ്ക്കിടെ ചൂടോടെ വിളമ്പി

ഇന്ത്യയിലെ ട്രെയിൻ യാത്രകൾ എപ്പോഴും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള സംവിധാനം മാത്രമല്ല. കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കാനും ലഘുഭക്ഷണം കഴിക്കാനും ഉറങ്ങാനും ജനലിലൂടെ പുറംകാഴ്ചകൾ കാണാനും സമയം കണ്ടെത്തുന്ന നിമിഷങ്ങൾ കൂടിയാണ്. പ്രത്യേകിച്ച് രാത്രിയാത്രകളിൽ അത് കൂടുതൽ മനോഹരമാകും. ഈ യാത്രകൾക്കായി വീട്ടിലുണ്ടാക്കിയ ഭക്ഷണം കരുതുന്നവരും കുറവല്ല.
വൃത്തിയായി പൊതിഞ്ഞ ആലു പറാത്തയും അച്ചാറും പൂരി മസാലയും സാൻഡ്‌വിച്ചുകളും കൈയിൽ കരുതുന്നവരാണ് മിക്കവരും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. ഇത്തരത്തിൽ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം ട്രെയിനിൽ ഇരുന്ന കഴിക്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കുക്കർ തുറന്ന് ചൂടോടെ പുലാവ് പ്ലേറ്റിലേക്ക് വിളമ്പുന്ന ഒരു അമ്മയെയാണ് വീഡിയോയിൽ കാണിക്കുന്നത്. 'ഇന്ത്യയിലെ അമ്മമാർ ഇങ്ങനെയാണ്' എന്ന ക്യാപ്ഷനോടെ അഷ്രിത എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചത്. ട്രെയ്ൻ രാത്രിയാണ് എന്ന് അമ്മയോട് പറഞ്ഞതേ ഓർമയുള്ളൂവെന്നും അമ്മ ഒരു കുക്കർ തന്നെ പാക്ക് ചെയ്തുവെന്നും വീഡിയോയ്ക്കുള്ളിൽ എഴുതിയിട്ടുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ സ്‌നേഹവും കരുതലുമാണ് ഇതെന്നായിരുന്നു ഒരു കമന്റ്. ഇങ്ങനെ ഒരു അമ്മയെ ലഭിച്ചതിൽ നിങ്ങൾ ഭാഗ്യവാൻമാരാണെന്നും സ്‌റ്റേഷനുകളിലെ ഭക്ഷണം ഇഷ്ടമില്ലാത്തതിനാൽ താൻ ഒന്നും കഴിക്കാതെ ഉറങ്ങുകയാണ് പതിവെന്നും ഒരാൾ കുറിച്ചു.
Content Highlights: Highlights the emotional connection of Indian families with homemade train food., Showcases a viral moment of a mother carrying a pressure cooker on a train.