പണമില്ല, വീട് ജപ്തി ഭീഷണിയില്‍, ഐ ഫോണ്‍ വരെ നഷ്ടപ്പെട്ടു; കാംബ്ലിയെ സഹായിക്കാന്‍ ഗാവസ്‌കര്‍

സച്ചിന്‍ തെണ്ടുല്‍ക്കറോളംതന്നെ പ്രതിഭയുണ്ടായിട്ടും അച്ചടക്കമില്ലാത്ത ജീവിതത്തിലൂടെ സ്വയം കരിയന്‍ നശിപ്പിച്ച ക്രിക്കറ്റ് താരമാണ് വിനോദ് കാംബ്ലി. ക്രിക്കറ്റ് സമ്മാനിച്ച പ്രശസ്തിയില്‍ മതിമറന്നുപോയ കാംബ്ലി മദ്യത്തിന് അടിമയായി. ഒടുവില്‍ 2011-ല്‍ ക്രിക്കറ്റ് കരിയര്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടി വന്നു.
അടുത്തിടെ മൂത്രത്തില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്ന് കാംബ്ലിയെ താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച്ചയോളം ആശുപത്രിയില്‍ കിടന്ന കാംബ്ലിക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നു. അതിന് മുമ്പ് 2013-ല്‍ കാംബ്ലി രണ്ട് ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. അന്ന് പണം നല്‍കി സഹായിച്ചത് സച്ചിനായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കാംബ്ലിയുടെ ഐ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമകള്‍ കൊണ്ടുപോയിരുന്നു. തകരാര്‍ പരിഹരിച്ചതിന്റെ ഫീസായ 15000 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ഫോണ്‍ കൊണ്ടുപോയത്. ഇതിന് പിന്നാലെ കാംബ്ലിയുടെ വീടും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മെയ്ന്റനന്‍സ് ഫീസ് ആയ 18 ലക്ഷത്തോളം രൂപ ഹൗസിങ് സൊസൈറ്റിക്ക് നല്‍കാനുണ്ട്. സൊസൈറ്റി കേസ് നടത്തുകയാണെന്നും വൈകാതെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്നും കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ പ്രതികരിച്ചിരുന്നു.
ബിസിസിഐ നല്‍കുന്ന പെന്‍ഷനാണ് കാംബ്ലിയുടെ ഏക ആശ്വാസം. ഇപ്പോഴിതാ കാംബ്ലിക്ക് സഹായഹസ്തവുമായെത്തിയിരിക്കുകയാണ് മുന്‍താരം സുനില്‍ ഗാവസ്‌കര്‍. ഗാവസ്‌കറിന്റെ ചാംപ്‌സ് ഫൗണ്ടേഷന്‍ ഓരോ മാസവും കാംബ്ലിക്ക് 30,000 രൂപ വീതം നല്‍കും. ഇതുകൂടാതെ ആശുപത്രി ചെലവുകള്‍ക്കായി ഓരോ വര്‍ഷവും 30,000 രൂപ നല്‍കുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ അതിഥിയായി കാംബ്ലി എത്തിയിരുന്നു. അന്ന് വേദിയിലുണ്ടായിരുന്ന ഗാവസ്‌കറുടെ കാലില്‍ തൊട്ട് കാംബ്ലി അനുഗ്രഹം വാങ്ങിയിരുന്നു. ഏറെ ക്ഷീണിതനായിരുന്ന കാംബ്ലി സഹായികളുടെ കൈപിടിച്ചാണ് വേദിയിലെത്തിയത്. ഈ പരിപാടിക്കുശേഷം കാംബ്ലിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ഗാവസ്‌കര്‍ സംസാരിച്ചിരുന്നുവെന്നും ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗാവസ്‌കറിന്റെ സുഹൃത്ത് അനില്‍ ജോഷി വ്യക്തമാക്കി.
Content Highlights: vinod kambli gets 30000 monthly aid from gavaskar as legend fulfils promise