'ആ സമയത്ത് എന്നെ പിന്തുണച്ചത് ആമിര് ഖാന്റെ മകള്'; വിഷാദരോഗത്തോട് പോരാടിയ അനുഭവം പറഞ്ഞ് നടന് വിജയ് വര്മ

മിര്സാപുര്, പിങ്ക്, ഗല്ലി ബോയ്, ലസ്റ്റ് സ്റ്റോറീസ് 2, ഷീ എന്നിവ ഉള്പ്പെടെ നിരവധി സിനിമകളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് നടനാണ് വിജയ് വര്മ. താന് ജീവിതത്തില് നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നുപറയുകയാണ് താരം. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു താനെന്ന് താരം പറഞ്ഞു. റിയാ ചക്രബൊര്ത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് വിജയ് വര്മ മനസ് തുറന്നത്.
'മുംബൈയിലെ അപ്പാര്ട്ട്മെന്റില് ഞാന് തീര്ത്തും ഒറ്റയ്ക്കായിരുന്നു. ഭാഗ്യവശാല് അവിടെ ചെറിയൊരു ടെറസുണ്ടായിരുന്നു. എനിക്ക് ആകാശവും ചുറ്റുമുള്ള പ്രകൃതിയുമെല്ലാം കാണാന് കഴിഞ്ഞു. അതുംകൂടെ ഇല്ലായിരുന്നെങ്കില് എനിക്ക് ഭ്രാന്തായിപ്പോകുമായിരുന്നു. യഥാര്ഥത്തില് ഞാന് അങ്ങനെയായി.' -വിജയ് വര്മ പറഞ്ഞു.
'ജോലിയുമായി ബന്ധപ്പെട്ട് നിരന്തരമായ ഓട്ടത്തിലായിരുന്നു ഞാന്. എന്നാല് പൊടുന്നനെ എല്ലാം നിലച്ചു. അതിന്റെ ഫലം ആഴത്തിലുള്ള ഒറ്റപ്പെടലായിരുന്നു. എനിക്ക് ഭയമായി. എന്തുകൊണ്ടാണ് എന്റെ സോഫയില് നിന്ന് നാലുദിവസത്തേക്ക് എഴുന്നേല്ക്കാന് പോലും കഴിയാതിരുന്നത് എന്ന് എനിക്ക് മനസിലായില്ല. എന്താണ് സംഭവിക്കുന്നത്?' -വിജയ് തുടര്ന്നു.
ഈ പ്രതിസന്ധിഘട്ടത്തില് തന്നെ സഹായിച്ചത് ആമിര് ഖാന്റെ മകള് ഇറാ ഖാനും അടുത്തിടെ ഇറങ്ങിയ കാന്താര: ചാപ്റ്റര് 1 എന്ന ചിത്രത്തിലെ വില്ലന് വേഷത്തിലൂടെ ശ്രദ്ധേയനായ ഗുല്ഷന് ദേവയ്യയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ആ സമയത്ത് ഇറയും ഗുല്ഷനുമാണ് എന്നെ സഹായിച്ചത്. ദാഹദ് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഇറ. ഷൂട്ടിങ് സമയത്ത് ഞങ്ങള് നല്ല സുഹൃത്തുക്കളായി. ഞങ്ങള് സൂമില് വീഡിയോ കോള് ചെയ്യാറും ഒന്നിച്ച് ഡിന്നര് കഴിക്കാന് പോകാറുമെല്ലാമുണ്ടായിരുന്നു. എന്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അവളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. 'വിജയ്, നിങ്ങള് എന്തെങ്കിലും ചെയ്യാന് തുടങ്ങണം' എന്ന് അവളെന്നോട് പറഞ്ഞു. സൂമില് വിളിച്ചുകൊണ്ട് അവള് വ്യായാമം ചെയ്യും; ഒപ്പം എന്നെക്കൊണ്ട് വ്യായാമം ചെയ്യിച്ചു. പിന്നീട് ഞാനൊരു തെറാപ്പിസ്റ്റിനോട് സൂമില് സംസാരിച്ചു. അപ്പോഴാണ് എനിക്ക് കടുത്ത വിഷാദരോഗവും ഉത്കണ്ഠയുമാണെന്ന് മനസിലാക്കിയത്. തെറാപ്പിസ്റ്റ് എന്നോട് മരുന്ന് കഴിക്കാന് പറഞ്ഞു.' -വിജയ് വര്മ പറഞ്ഞു.
Content Highlights: 'Didn't move from the sofa for four days': Vijay Varma on severe depression and how Ira Khan helped him seek therapy