വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; ക്ഷേത്രദർശനത്തിനെത്തി വിജയ് ദേവരകൊണ്ടയും രശ്മികയും; വീഡിയോ വൈറൽ

കഴിഞ്ഞമാസമാണ് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും വിവാഹിതരായത്. ഒരുമാസത്തിനിപ്പുറം ഇരുവരും ഒന്നിച്ച് ക്ഷേത്രദർശനത്തിനെത്തിയിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. താരദമ്പതിമാരെ കാണാൻ ചുറ്റും നിരവധി പേരാണ് തടിച്ചുകൂടിയത്.
താരദമ്പതിമാരുടെ ക്ഷേത്രദർശനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തങ്ങളെ കാണാനായി ചുറ്റും കൂടിയവരെ ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. അതേസമയം വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ വിവാഹാഘോഷങ്ങളിൽ നിന്നുള്ള ഒരുപിടി ചിത്രങ്ങൾ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
'ആ ദിവസം കഴിഞ്ഞ് ഒരുമാസമായി. നമ്മുടെയെല്ലാം ജീവിതത്തിൽ ചില മനോഹരമായ നിമിഷങ്ങളുണ്ടാകും. ഒരുദിവസം നമ്മൾ ആ നിമിഷങ്ങളിലെത്തും, അതുമായി മുഖാമുഖം നിൽക്കും. നിങ്ങൾ അറിയുന്നതിന് മുമ്പ് ആ നിമിഷം കടന്നുപോകും. എന്നാൽ അതിന്റെ ഓർമകൾ നിങ്ങൾക്കൊപ്പം എന്നെന്നും ഉണ്ടാകും. അത് നിങ്ങൾക്ക് വലിയ സന്തോഷം നൽകും.' -ചിത്രങ്ങൾക്കൊപ്പം വിജയ് ദേവരകൊണ്ട കുറിച്ചു.
രശ്മികയും വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. 'ഒരുമാസം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വിവാഹിതയായിരിക്കുക എന്നത് വിദൂരമായ ചിന്തയായിരുന്നു. ഇപ്പോൾ ഞങ്ങൾ വിവാഹിതരായി ഒരുമാസം പിന്നിട്ടു.' -ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പുരിലുള്ള ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു രശ്മികാ മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം. ഇതിന് ശേഷം മാർച്ച് നാലിന് ഹൈദരാബാദിൽ റിസപ്ഷനുമുണ്ടായിരുന്നു. വിരോഷ് എന്ന പേരിലാണ് വിവാഹം അറിയപ്പെട്ടത്.
Content Highlights: Vijay Deverakonda and Rashmika Mandanna visit Anantapur’s Anjaneya Swamy Temple one month post-wedding. The couple shared heartwarming photos from their Udaipur ceremony, celebrating their first month of togetherness.