'സമാധാനത്തോടെ ഇരുന്ന് കഴിക്കാന്‍ പോലും പറ്റാത്തത് ഹൃദയഭേദകമാണ്'- വൈറലായി സൊമാറ്റോ ഏജന്റിന്റെ വീഡിയോ

Photo: Screen Grabbed from Twitter Video, @AwanishSharan
Photo: Screen Grabbed from Twitter Video, @AwanishSharan

ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണവിതരണം ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു. തിരക്കിനിടയില്‍ ആര്‍ക്കും തങ്ങളുടെ ഇഷ്ടവിഭവം റസ്റ്റോറന്റില്‍ പോയി കാത്തിരുന്ന് കഴിക്കാനുള്ള സമയമോ ക്ഷമയോ ഇല്ല. അതിനാല്‍ത്തന്നെ, നഗരമധ്യത്തിലൂടെ സ്വിഗ്ഗിയുടേയും സൊമാറ്റോയുടേയുമൊക്കെ ബാഗും തൂക്കി ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ പരക്കം പായുന്നതും നമുക്ക് സുപരിചിതമാണ്.

എന്നാല്‍, ഭക്ഷണപായ്ക്കറ്റുകളുമായി നഗരത്തിന്റെ തിരക്കിലൂടെ അലയുന്ന ഇത്തരം ഗിഗ് വര്‍ക്കര്‍മാരുടെ ജീവിതം എത്രയോ കഷ്ടപ്പാട് നിറഞ്ഞതാണ്. മഴയും വെയിലും ദുരിതം നിറഞ്ഞ മറ്റെല്ലാ സാഹചര്യങ്ങളും വകവെയ്ക്കാതെ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പായുന്ന ഇവര്‍ക്ക് പലപ്പോഴും അര്‍ഹതപ്പെട്ട കൂലി പോലും ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ഥ്യം.

ഭക്ഷണം വൈകിയാല്‍ ചീത്ത കേള്‍ക്കേണ്ടിവരുമോ എന്നോര്‍ത്ത് സ്വന്തം പ്രാതലും ഉച്ചഭക്ഷണവുമെല്ലാം എങ്ങനെയെങ്കിലും കഴിച്ചെന്നുവരുത്തി പെട്ടന്ന് ജോലിയിലേക്ക് തിരികെ ഓടിമറയുകയാണിവര്‍. ഇപ്പോഴിതാ തന്റെ ജോലിക്കിടയില്‍ ബൈക്കിനു മുകളില്‍ വെച്ചുതന്നെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു സൊമാറ്റോ ഏജന്റിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഐഎഎസ് ഓഫീസര്‍ അവനീഷ്‌ ശരണാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഈ കാലാവസ്ഥയില്‍ ഇത്തരം തൊഴിലാളികളെ സംരക്ഷിക്കൂ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയ്ക്ക് ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിധികം വ്യൂസ് ലഭിച്ചുകഴിഞ്ഞു. 

ഉച്ച സമയമാണ്. എവിടെയോ ഓര്‍ഡറെത്തിച്ചശേഷം തന്റെ 'ലഞ്ച് ബ്രേക്കി'ലേക്ക് കടക്കുകയായിരുന്നു സൊമാറ്റോ ജീവനക്കാരന്‍ എന്നാണ് വീഡിയോയില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍, എവിടെയെങ്കിലും ഇരുന്ന് കഴിക്കുന്നതിനുപകരം, തന്റെ ബൈക്കിനോടു ചേര്‍ന്നുനിന്ന് ഒരു പ്ലാസ്റ്റിക് കവര്‍ തുറന്ന് അതില്‍നിന്നും ഡാല്‍ ചാവല്‍ പോലെ തോന്നിക്കുന്ന എന്തോ ഭക്ഷണം എടുത്തുകഴിക്കുന്നതായി വീഡിയോയില്‍ കാണാം. വളരെ പെട്ടന്നു തന്നെ ഇതുതീര്‍ത്തശേഷം അടുത്ത ഓര്‍ഡര്‍ എത്തിക്കാനുള്ള തത്രപ്പാടില്‍ ബൈക്കില്‍ കയറി പാഞ്ഞിരിക്കണം അയാള്‍.

സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ഈ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് കുറച്ചുകൂടി അംഗീകാരവും ബഹുമാനവും ഗിഗ് തൊഴിലാളികള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് മിക്കവരും കരുതുന്നത്. നമുക്ക് ഭക്ഷണമെത്തിക്കുന്ന ഇവര്‍ക്ക് സമാധാനത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കൂടി കഴിയുന്നില്ല എന്നത് ഹൃദയഭേദകമാണ് എന്ന് ഒരു വ്യക്തി പ്രതികരിച്ചു. ഭക്ഷണവുമായി നമ്മുടെയരികിലേക്കെത്തുന്നവരെ നമ്മളാലാവുന്ന വിധം നന്നായി പരിചരിക്കാന്‍ ശ്രമിക്കണമെന്ന് മറ്റൊരാള്‍ പറയുന്നു.

വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ നോക്കാം:

Content Highlights: video of zomato agent eating food from plastic bag on roadside goes viral