'മകൾ ജനിച്ചപ്പോൾ ഡിഡിഎച്ച് കണ്ടെത്തി, ഒരു കാലിന് നീളക്കുറവുമുണ്ടായിരുന്നു' - വരുൺ ധവാൻ

2024-ലാണ് നടൻ വരുൺ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് ജനിച്ചത്. ലാറ എന്നാണ് അവർ മകൾക്ക് പേര് നൽകിയത്. അടുത്തിടെ ഒരു ഷോയിൽ മകളുടെ ജനന സമയത്തുണ്ടായ പ്രതിസന്ധികളെ കുറിച്ച് വരുൺ തുറന്നു പറഞ്ഞു. മകൾക്ക് DDH (Developmental Dysplasia of the Hip) എന്ന രോഗാവസ്ഥയായിരുന്നുവെന്നും നടക്കാനും ഓടാനും ബുദ്ധിമുട്ടായിരുന്നുവെന്നും വരുൺ പറയുന്നു. ചികിത്സയക്ക് ശേഷം മകൾക്ക് മാറ്റങ്ങളുണ്ടായെന്നും വരുൺ കൂട്ടിച്ചേർത്തു.
'ലാറയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് രോഗനിർണയം നടത്തിയത്. ഇടുപ്പിന്റെ സ്ഥാനചലനം കാരണം നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒരു കാലിന് നീളക്കുറവുമുണ്ടായിരുന്നു. മുടന്തിക്കൊണ്ടാണ് അവൾ നടന്നിരുന്നത്. ഇങ്ങനെയുള്ളവരിൽ ഡിസക് സ്ലിപ്പും വാതവും വരാനുള്ള സാധ്യത കൂടുതലാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ജനന സമയത്തുതന്നെ കുട്ടികൾക്ക് ഇതിനുള്ള ചികിത്സയുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് സാധാരണമല്ല. അവൾക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നില്ല. രണ്ടര മാസത്തോളം സ്‌പൈക്ക കാസ്റ്റ് പരീക്ഷിച്ചു. കുട്ടികളിലെ ഇടുപ്പ് അസ്ഥി , തുടയെല്ല് എന്നിവയിലെ ഒടിവുകൾ, ശസ്ത്രക്രിയകൾ, ഹിപ് ഡിസ്പ്ലാസിയ എന്നീ അവസ്ഥകളിൽ ഇടുപ്പിനെയും കാലുകളെയും നിശ്ചലമാക്കി വെക്കാൻ ഉപയോഗിക്കുന്ന ഒരു ഓർത്തോപീഡിക് സംവിധാനമാണ് സ്‌പൈക്ക കാസ്റ്റ്. അത് വളരെ പ്രയാസമേറിയ സമയമായിരുന്നു. അവൾക്ക് അനസ്‌ത്യേഷ നൽകും. എണീക്കുമ്പോൾ അവൾ സ്‌പൈക്ക കാസ്റ്റിലായിരിക്കും. ഇപ്പോൾ ആ ചികിത്സ അവസാനിച്ചു. അവൾ സുഖം പ്രാപിച്ചു വരുന്നു. ഇതിനെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്നുണ്ട്.'-വരുൺ ധവാൻ പറയുന്നു.
കുഞ്ഞുങ്ങളുടെ ചലനങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും വളർച്ചയുടെ ആദ്യ വർഷങ്ങളിൽ എന്തെങ്കിലും അസാധാരണമായി തോന്നുന്നുണ്ടെങ്കിൽ ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കണമെന്നും വരുൺ വ്യക്തമാക്കി. ഇന്ത്യയിൽ പലർക്കും ഈ രോഗാവസ്ഥയെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചതെന്നും സഹതാപത്തോടെ ആരും തന്നെ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടിയായിരിക്കുമ്പോൾതന്നെ ഇത് കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദാമാക്കാമെന്നും വരുൺ കൂട്ടിച്ചേർത്തു.
Content Highlights: Varun Dhawan reveals his daughter Lara was diagnosed with DDH at 1.5 years old., The condition causes hip instability, leading to difficulty in walking and potential long-term issues like arthritis., Lara underwent a non-surgical procedure followed by 2.5 months in a spica cast.