23 വർഷം നീണ്ട വിവാഹമോചന കേസ്; ഇന്ത്യൻ വംശജയ്ക്ക് ലഭിച്ചത് 85 കോടി രൂപ

ലണ്ടൻ: 23 വർഷം നീണ്ട വിവാഹമോചന കേസിന് ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് അനുകൂലമായ വിധി. യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കേസുകളിലൊന്നിലാണ് വിധി വന്നിരിക്കുന്നത്. ഭർത്താവ് ഒളിപ്പിച്ചുവെച്ച കോടികളുടെ സ്വത്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് വർഷയ്ക്ക് 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) നൽകാൻ യു.കെ ഹൈക്കോടതി ഉത്തരവിട്ടു.
മോശം പെരുമാറ്റവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടി 2002-ലാണ് മൂന്ന് കുട്ടികളുടെ അമ്മയായ വർഷ ഭർത്താവ് ഭദ്രേഷ് ഗോഹിലിനോട് വിവാഹമോചനം ആവശ്യപ്പെട്ടത്. അന്ന് ഭദ്രേഷ് നൽകിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 3.5 കോടി രൂപയും ഒരു കാറും സ്വീകരിച്ച് വർഷ വിവാഹമോചനത്തിന് തയ്യാറായിരുന്നു. എന്നാൽ മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോരിയുമായി ബന്ധപ്പെട്ട വൻ പണമിടപാട് കേസിൽ ഭദ്രേഷ് പ്രതിയായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഭദ്രേഷിന് 10 വർഷം തടവുശിക്ഷയും ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾക്ക് വിവിധ രാജ്യങ്ങളിലായി 28 മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വത്തുണ്ടെന്ന വിവരം പുറത്തറിഞ്ഞത്.
ഇതോടെ വർഷ 2015-ൽ വീണ്ടും കോടതിയെ സമീപിക്കുകയും കേസ് വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാൽ ഈ സ്വത്തുക്കളെല്ലാം ഭദ്രേഷ് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന് അയാളുടെ അഭിഭാഷകൻ വാദിച്ചു. തങ്ങളുടെ വിവാഹത്തിനുശേഷം ബിസിനസിലൂടെ ഉണ്ടാക്കിയതാണ് ഇതിൽ വലിയൊരു പങ്കെന്ന് വർഷയും വാദിച്ചു. ഒടുവിൽ വിശദമായ പരിശോധനയ്ക്ക് ശേഷം 6.6 മില്യൺ പൗണ്ടിന്റെ സ്വത്തുക്കൾ നിയമാനുസൃതമാണെന്ന് കണ്ടെത്തുകയായിരുന്നു. അത് വർഷയ്ക്ക് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.
Content Highlights: A 23-year-long legal battle concludes with a landmark UK High Court ruling., Varsha Gohil awarded £6.6 million (approx. 85 Crore INR) in divorce settlement., The case involved uncovering hidden assets linked to money laundering by the husband., The ruling sets a significant precedent for asset disclosure in divorce cases.