കളരിത്തറയില്‍ കുരുത്തോലകൊണ്ട് പന്തല്‍,വിവാഹവേഷമായി കളരിയുടെ പരമ്പരാഗതവസ്ത്രം;വ്യത്യസ്തമായൊരു വിവാഹം

#അശ്വതി രാജേന്ദ്രൻ
കളരിക്കല്യാണത്തിന് ഒരുങ്ങുന്ന രാഹുലും ശില്പയും
കളരിക്കല്യാണത്തിന് ഒരുങ്ങുന്ന രാഹുലും ശില്പയും

കളരിത്തറയില്‍ പന്തലു കെട്ടി ഗുരുക്കന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ മാലയിട്ട് ലളിതമായി ഒരു കല്യാണം. തിരുവനന്തപുരം നരുവാമൂട് സ്വദേശികളായ രാഹുലും ശില്‍പയും, നേമം അഗസ്ത്യം കളരിത്തറയിലാണ് 28-ന് വിവാഹിതരാകുന്നത്. പരമ്പരാഗത കളരി രീതിയിലും പശ്ചാത്തലത്തിലുമാണ് കല്യാണം. രാഹുലും ശില്പയും അവിടത്തെ പരിശീലകരും അഭ്യാസികളുമാണ്.

കളരിത്തറയില്‍ കുരുത്തോലകൊണ്ട് പന്തലൊരുങ്ങും. ഇരുഭാഗത്തുനിന്നും ക്ഷണിക്കപ്പെട്ട ചുരുക്കം ബന്ധുക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുക്കും. 1500-ലധികം വിദ്യാര്‍ഥികള്‍ ലൈവ് വീഡിയോ സ്‌ക്രീനിങ്ങിലൂടെ കല്ല്യാണത്തിന്റെ ഭാഗമാകും.  

15 വയസ്സു മുതലാണ് രാഹുല്‍ കളരി പഠിക്കാന്‍ തുടങ്ങിയത്. ശില്പയും ചെറുപ്പം മുതല്‍ അഭ്യസിക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. വീട്ടുകാര്‍ തമ്മിലുള്ള പരിചയം വിവാഹത്തിലേക്കെത്തി. കളരിയിലൂടെ സുഹൃത്തുക്കളായ ഇവര്‍ കളരി കരിയറായി തിരഞ്ഞെടുത്തിരിക്കുകയാണ്.

കളരിയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞാവും ഇരുവരുമെത്തുക. പൂത്തറ വണക്കം ഉള്‍പ്പെടെയുള്ള ചടങ്ങുകളുണ്ടാകും. ഇരുവരും ചേര്‍ന്നുള്ള വീഡിയോയുടെ പ്രകാശനവും കല്യാണദിനത്തിലുണ്ടാകും. ആഡംബര വിവാഹങ്ങള്‍ നടക്കുമ്പോള്‍ ഇങ്ങനെയൊരു വേദിയില്‍ ലളിതമായ ചടങ്ങുകളോടെ മാതൃകാപരമായി ജീവിതം തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് രാഹുലും ശില്പയും.

Content Highlights: two people getteing married in a traditional kalari style in thiruvananthapuram