'ഇത് മേക്ക് ഓവറല്ല,പുനര്‍ജന്മം'; വീട്ടുജോലിക്കാരിയെ മോഡലാക്കി മാറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

പല തരത്തിലുമുള്ള മേക്ക് ഓവര്‍ വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മേക്കപ്പിലൂടെ ഒരാളുടെ ലുക്ക് തന്നെ മാറ്റിയെടുക്കുന്ന വീഡിയോകളും അതിലുണ്ടാകും. ചിലപ്പോള്‍ ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാകും മേക്കപ്പ് പ്രവര്‍ത്തിക്കുക. അത്തരമൊരു വീഡിയോയാണ് ജയ്പൂരില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ മഹിമ ബജാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വീട്ടിലെ ജോലികള്‍ ചെയ്യാന്‍ വരുന്ന സരിതയെയാണ് മഹിമ മേക്കപ്പിലൂടെ ഒരു മോഡലിന്റെ രൂപത്തിലേക്ക് മാറ്റിയത്. മുഖത്തെ വെയിലേറ്റ കറുത്ത പാടുകള്‍ മാറ്റി, മുടി മുറിച്ച് പുതിയ ഹെയര്‍സ്റ്റൈല്‍ നല്‍കിയാണ് സരിതയെ മഹിമ സുന്ദരിയാക്കിയത്. 'മായാജാലം പോലൊരു ട്രാന്‍സ്ഫര്‍മേഷന്‍' എന്ന ക്യാപ്ഷനോടെയാണ് മഹിമ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
സരിതയുടെ മുഖത്തെ പാടുകള്‍ മാറ്റാനായി നീം പൗഡറും ബേക്കിങ് പൗഡറും ചെറുനാരങ്ങയും തൈരും ചേര്‍ത്ത് പേസ്റ്റുണ്ടാക്കി അത് സരിതയുടെ മുഖത്ത് പുരട്ടുകയാണ് മഹിമ ആദ്യം ചെയ്തത്. 15 മിനിറ്റിന് ശേഷം അത് കഴുകിക്കളഞ്ഞു. പിന്നീട് മുടി കൂടുതല്‍ തിളക്കമുള്ളതാകാന്‍ ഷികകായ് പൗഡറും (ചീനിക്ക ഉണക്കി പൊടിച്ചത്) തൈരും ചേര്‍ത്ത പേസ്റ്റ് ഉണ്ടാക്കി. അത് സരിതയുടെ മുടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റോളംവെച്ചു. അത് കഴുകി കളഞ്ഞ ശേഷം മുടി ഫെതര്‍കട്ട് സ്റ്റൈലില്‍ വെട്ടിയെടുത്ത്. മുഖത്ത് ബ്ലീച്ച് ചെയ്യുകയും മുഖത്തുള്ള ചെറിയ മുടികള്‍ നീക്കം ചെയ്യുകയും ചെയ്തു. അതിനുശേഷം കണ്ണിനു താഴെയുള്ള കറുപ്പ് മാറാന്‍ അണ്ടര്‍ ഐ പാച്ചസും ഉപയോഗിച്ചു. ഇതോടെ സരിതയുടെ മുഖം കൂടുതല്‍ തിളക്കമുള്ളതായി.
ഇതിനൊപ്പം കറുപ്പ് നിറത്തിലുള്ള സ്‌കര്‍ട്ടും ഓഫ് ഷോള്‍ഡര്‍ ടോപ്പും സരിതയെ ധരിപ്പിച്ചു. സാരിയില്‍ നിന്ന് മോഡേണ്‍ ഔട്ട്ഫിറ്റിലേക്കുള്ള മാറ്റം അവിശ്വസനീയമായിരുന്നു. ഇതിന്റെ കൂടെ ഗോള്‍ഡന്‍ നിറത്തിലുള്ള വാച്ചും കമ്മലും സണ്‍ഗ്ലാസും ഹാന്‍ഡ് ബാഗും കൂടി ചേര്‍ന്നതോടെ സ്‌റ്റൈലിഷ് ലുക്ക് പൂര്‍ണമായി.
മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 1.43 കോടി ആളുകളാണ് കണ്ടത്. ആറു ലക്ഷം പേര്‍ ലൈക്കും ചെയ്തു. സരിതയുടെ മാറ്റം കണ്ട് അമ്പരന്നും മഹിമയെ അഭിനന്ദിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്. ഇത് സരിതയല്ലെന്നും സെനോറിറ്റയാണെന്നുമായിരുന്നു ഒരു കമന്റ്. ഇനി സരിതയെ ഭര്‍ത്താവുപോലും തിരിച്ചറിയില്ലെന്നും ആളുകള്‍ കമന്റ് ചെയ്തു. എന്നാല്‍ സരിതയുടെ മുഖത്ത് ബേക്കിങ് പൗഡറും ചെറുനാരങ്ങയും ഒരുമിച്ച് ഉപയോഗിച്ചതിനെ വിമര്‍ശിച്ചും കമന്റുകളുണ്ട്. ഇത് രണ്ടും ഉപയോഗിച്ചാല്‍ വെയിലത്ത് പണിയെടുക്കുന്നവരുടെ ത്വക്ക് കൂടുതല്‍ പരുക്കനാകുമെന്നും ത്വക്കിന്റെ ആരോഗ്യം നഷ്ടപ്പെടുമെന്നും അഞ്ചല്‍ ബത്ര എന്ന് പേരുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: transformation video of housemaid to model