ജീവിതത്തിലും ഒന്നിച്ച് സ്പൈഡർമാൻ താരങ്ങൾ; സെൻഡായയുമായുള്ള വിവാഹം സ്ഥിരീകരിച്ച് ടോം ഹോളണ്ട്

#Lifestyle Desk
ടോം ഹോളണ്ടും സെൻഡായയും | Photo: AFP
ടോം ഹോളണ്ടും സെൻഡായയും | Photo: AFP

ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായെന്ന വാർത്തയ്ക്ക് സ്ഥിരീകരണം. ഇരുവരും വിവാഹിതരായെന്ന അഭ്യൂഹം മാസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് വിവാഹവാർത്തയ്ക്ക്  സ്ഥിരീകരണമായത്. ടോം ഹോളണ്ട് തന്നെയാണ് തങ്ങൾ വിവാഹിതരായെന്ന് തുറന്നുപറഞ്ഞത്.

എസ്‌ക്വയറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തേ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായെന്ന തരത്തിലുള്ള വ്യാജ എഐ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ തന്റെ മുത്തശ്ശി കണ്ടുവെന്നും വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് പരിഭവം പറഞ്ഞുവെന്നും ടോം പറഞ്ഞു. ഈ ചിത്രങ്ങൾ കണ്ട് മറ്റേതെങ്കിലും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് വിവാഹക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. 'ആരും തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ല. കാരണം അവരെല്ലാം യഥാർഥത്തിൽ അവിടെയുണ്ടായിരുന്നു' എന്നാണ് ടോം ഹോളണ്ട് പറഞ്ഞത്.

ദീർഘകാലം സെൻഡായയുടെ സ്‌റ്റൈലിസ്റ്റായിരുന്ന ലോ റോച്ചറാണ് മാസങ്ങൾക്ക് മുമ്പ് വിവാഹം നടന്നുവെന്ന് പരസ്യമായി പറഞ്ഞത്. ആക്ടർ അവാർഡ്സിന്റെ റെഡ് കാർപറ്റിലായിരുന്നു ലോ റോച്ചിന്റെ ഈ വെളിപ്പെടുത്തൽ. 'വിവാഹമെല്ലാം കഴിഞ്ഞു, നിങ്ങൾക്ക് അത് നഷ്ടപ്പെട്ടു' എന്നാണ് ലോ റോച്ച് പറഞ്ഞത്. 'ഇത് ശരിയാണോ' എന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ ' വളരെ സത്യമാണ്' എന്നാണ് ചിരിച്ചുകൊണ്ട് ലോ റോച്ച് ആവർത്തിച്ചത്. എന്നാൽ സെൻഡായയോ ടോം ഹോളണ്ടോ അന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

വർഷങ്ങളായി പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞതായി വ്യക്തമാക്കിയിരുന്നു. ടോം ഹോളണ്ടിന്റെ പിതാവ് ഡൊമിനിക്കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പിന്നീട് സെൻഡായ ഗോൾഡൻ ഗ്ലോബ്സിൽ അണിഞ്ഞ ഡയമണ്ട് മോതിരം ചർച്ചാവിഷയമായി. വിവാഹനിശ്ചയത്തിന് ടോം ഹോളണ്ട് അണിയിച്ച മോതിരമാണ് ഇതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.

മാർവലിന്റെ സ്‌പൈഡർമാൻ: ഹോംകമിങ്, സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം, സ്‌പൈഡർമാൻ: നോ വേ ഹോം തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ടോം ഹോളണ്ടും സെൻഡായയും. ചിത്രങ്ങളിൽ പീറ്റർ പാർക്കർ (സ്‌പൈഡർമാൻ) ആയി ടോം ഹോളണ്ട് എത്തിയപ്പോൾ കാമുകിയായ മിഷേൽ ജോൺസ് വാട്ട്‌സൺ (എംജെ) എന്ന കഥാപാത്രമായാണ് സെൻഡായ എത്തിയത്. ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ദി ഒഡീസിയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സ്‌പൈഡർമാൻ പരമ്പരയിലെ വരാനിരിക്കുന്ന ചിത്രമായ സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയിലും ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ട്. എന്നാൽ വിവാഹത്തെ കുറിച്ച് കൂടുതലൊന്നും പറയില്ലെന്നും ടോം ഹോളണ്ട് വ്യക്തമാക്കി.

Content Highlights: Hollywood actor Tom Holland has officially confirmed his marriage to long-time partner Zendaya during an interview with Esquire. Addressing viral AI-generated wedding photos, Holland revealed he didn't need to clarify the situation with other relatives because they were all physically present at the actual wedding. The confirmation follows months of speculation initially sparked by Zendaya’s stylist, Law Roach.