'അങ്കിളേ,ടൈറ്റാനിക്കിലെ പാട്ട് പിയാനോയില്‍ വായിക്കുമോ?' പിന്നീട് നടന്നത് അദ്ഭുതം; 30 കോടി കണ്ട റീല്‍

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ emilio piano
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ emilio piano

പിയാനിസ്റ്റും സംഗീതജ്ഞനുമായ എമില്‍ റെയ്‌നേര്‍ട്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. താന്‍ പിയാനോ വായിക്കുന്നതിന് അനുസരിച്ച് ടൈറ്റാനിക് എന്ന ചിത്രത്തിലെ 'മൈ ഹാര്‍ട് വില്‍ ഗോ ഓണ്‍' എന്ന പാട്ട് പാടിയ മൂന്ന് വയസുകാരിയുടെ വീഡിയോയാണ് എമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു സിനിമ പോലെ അല്‍പം നാടകീയത നിറഞ്ഞതായിരുന്നു ഈ കുട്ടിപ്പാട്ടുകാരിയുടെ പാട്ട്.

വഴിയോരത്ത് പിയാനോ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന എമിലിന് അടുത്തേക്ക് എയ്ഞ്ചലിക നീറോ എന്ന പാട്ടുകാരി എത്തുകയായിരുന്നു. സെലിന്‍ ഡിയോണ്‍ പാടിയ 'മൈ ഹാര്‍ട് വില്‍ ഗോ ഓണ്‍' പിയാനോയില്‍ വായിക്കാമോ എന്ന് എയ്ഞ്ചലിക എമിലിനോട് ചോദിച്ചു. പിന്നീടാണ് കാണികളെ അദ്ഭുതപ്പെടുത്തിയ സംഭവമുണ്ടായത്. എമില്‍ പിയാനോ വായിക്കാന്‍ തുടങ്ങിയതോടെ ടൈറ്റാനിക്കിലെ പാട്ട് മനോഹരമായി എയ്ഞ്ചലിക പാടിത്തുടങ്ങി. ഇതോടെ അമ്പരയ്ക്കുന്ന കാണികളെ വീഡിയോയില്‍ കാണാം. 

'മൂന്ന് വയസുകാരി എയ്ഞ്ചലിക നീറോ എന്നോട് അവളോടൊപ്പം ടൈറ്റാനിക് പ്ലേ ചെയ്യാമോയെന്ന് ചോദിച്ചു. അവിശ്വസനീയവും മനോഹരവുമായ ദിവസമായിരുന്നു അത്'- ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം എമില്‍ കുറിച്ചു. നിമിഷനേരത്തിനുള്ളില്‍ ഈ വീഡിയോ വൈറലായി. 30 കോടി (300 മില്ല്യണ്‍) ആളുകളാണ് ഈ ക്യൂട്ട് വീഡിയോ കണ്ടത്. രണ്ടു കോടി ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തു. മൂന്ന് ലക്ഷം ആളുകള്‍ കമന്റും ചെയ്തിട്ടുണ്ട്. 

ഇതാദ്യമായല്ല എയ്ഞ്ചലികയുടെ പാട്ട് സോഷ്യല്‍ മീിഡയയില്‍ വൈറലാകുന്നത്. സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള കുഞ്ഞ് പാട്ടുകാരി നിരവധി പാട്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോകളെല്ലാം കണ്ടത്. ഏഴ് ലക്ഷത്തോളം ആളുകള്‍ എയ്ഞ്ചലികയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുമുണ്ട്. 

Content Highlights: three year old girl sings titanic song with pianist