'നബ' തിരിച്ചെത്തി, ചെട്ടുതറ വീട്ടില്‍ സന്തോഷത്തിന്റെ ചിറകടി

കാണാതെ പോയ 'നബ' എന്ന തത്തയെ രണ്ടുനാളത്തെ കാത്തിരിപ്പിനുശേഷം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അരൂരിലെ ചെട്ടുതറ വീട്ടുകാര്‍. ശനിയാഴ്ച രാവിലെ നഷ്ടമായ തത്തയെ തിങ്കളാഴ്ച തിരിച്ചുകിട്ടും വരെ കുടുംബത്തിലൊരാളെ നഷ്ടപ്പെട്ട മനോവ്യഥയായിരുന്നു എല്ലാവര്‍ക്കും.
വീട്ടുടമസ്ഥനായ സി.പി. ഈസയ്ക്ക് 100 ദിവസം മുന്‍പാണ് ലോറി കിറ്റ് ഇനത്തില്‍പ്പെട്ട തത്തയെ മുളന്തുരുത്തി സ്വദേശിയായ ജിഷ്ണു സമ്മാനിച്ചത്. വീട്ടില്‍ ഇണങ്ങിക്കഴിഞ്ഞിരുന്ന നബയെ കാക്കക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഈസയുടെ മകളുടെ കൈകളില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം.
രക്ഷയ്ക്കായി പറന്നകന്ന നബയ്ക്ക് പിന്നാലെ ഈസ ഓടിയെങ്കിലും കിട്ടിയില്ല. ഇതോടെ സങ്കടത്തിലായ കുടുംബത്തിന് തിങ്കളാഴ്ച അരൂരിലെ ദേവാനന്ദ് ഫ്രന്‍ഡ്സ് എന്ന വാട്സാപ്പ് കൂട്ടായ്മയില്‍ വന്ന ഒരു സന്ദേശമാണ് ആശ്വാസമായത്. അരൂര്‍ അഞ്ചാം വാര്‍ഡ് വരുണ്‍ വിഹാറില്‍ വി. വിജയകുമാറാണ് ആ സന്ദേശത്തിനു പിന്നില്‍.
തിങ്കളാഴ്ച രാവിലെ വീടിനു പിന്നില്‍ ചെറുജോലികള്‍ ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ തലയിലേക്ക് പറന്നിറങ്ങുകയായിരുന്നു ഈ തത്ത. വളര്‍ത്തു തത്തയാണെന്ന് മനസ്സിലായതോടെ ഇതിനെ ഇദ്ദേഹം വീടിനുള്ളില്‍ സംരക്ഷിച്ചു. പിന്നീട് വിവരം വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. ഇതുകണ്ട ആറാം വാര്‍ഡംഗം ഇബ്രാഹിംകുട്ടി വഴിയാണ് ഇത് ഈസയുടെ നഷ്ടപ്പെട്ട തത്തയാണെന്ന് ഉറപ്പിച്ചത്.
ഈസ തിങ്കളാഴ്ച വൈകീട്ട് വിജയകുമാറിന്റെ വീട്ടിലെത്തി തത്തയെ കൂട്ടി. ഇളയ മകളുടെ പേരാണ് ഈസ തത്തക്കിട്ടിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ വിജയകുമാറിനും കുടുംബത്തിനും അത് കൗതുകമായി.
Content Highlights: the missing pet parrot has returned