തൊഴിലുറപ്പ് തൊഴിലാളിയുടെ കണ്ണില്‍പെട്ട പൊന്ന്; 7 കൊല്ലം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണമാല തിരിച്ചുകിട്ടി

ഏഴു കൊല്ലം മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണമാല ദാ കിടക്കുന്നു വീടിനടുത്ത തൊടിയില്‍. തൃക്കലങ്ങോട് കാരക്കുന്നിലെ കുടുംബത്തിനാണ് നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത്. തൊഴിലുറപ്പു തൊഴിലാളികളുടെ കണ്ണിലാണ് മണ്ണില്‍ മറഞ്ഞ പൊന്ന് പെട്ടത്.
പടിഞ്ഞാറേക്കര കമ്മതാജിപ്പടിയില്‍ കളത്തിങ്ങല്‍ സമാന്റെ മകളുടെ മാലയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായത്. മാല കാണാതെപോയ നാളുകളില്‍ വീട്ടുകാര്‍ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്തനായിരുന്നില്ല.
ഒരാഴ്ചയായി സമാന്റെ വീടിന്റെ തൊട്ടടുത്തുള്ള സ്ഥലത്താണ് തൃക്കലങ്ങോട് കണ്ടാലപ്പറ്റ മൂന്നാംവാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. മുതിര്‍ന്ന അംഗമായ ഭാര്‍ഗവിക്കാണ് (അമ്മു ചേച്ചി) മാല ലഭിച്ചത്.
വിവരം അയല്‍വാസികളോടു പറഞ്ഞപ്പോഴാണ് ഏഴു വര്‍ഷം മുന്‍പ് കുട്ടിയുടെ കഴുത്തില്‍നിന്നു നഷ്ടപ്പെട്ട മാല വീട്ടുകാര്‍ക്ക് ഓര്‍മ്മ വന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍തന്നെ മാല ഉടമസ്ഥനു കൈമാറി. തൊഴിലാളികളെ വാര്‍ഡംഗം സീന രാജനും നാട്ടുകാരും അനുമോദിച്ചു.
Content Highlights: the gold necklace lost 7 years ago has been recovered