കോമിക്‌സിന് മാത്രമായൊരു മേള; 'ഇന്‍ഡി കോമിക്‌സ് ഫെസ്റ്റ്' നാളെ കൊച്ചിയില്‍

പരിപാടിയുടെ പോസ്റ്റര്‍ | Photo: instagram/ indie comix fest
പരിപാടിയുടെ പോസ്റ്റര്‍ | Photo: instagram/ indie comix fest

കൊച്ചി: കോമിക്‌സിന്റെ രസം പിടിച്ച് വളര്‍ന്നുവന്ന കാലം ആര്‍ക്കാണ് മറക്കാനാവുക...! പല തലമുറകള്‍ കടന്ന് അതിന്റെ ഹരം പടര്‍ന്ന് പുതുകാലത്തിലും വളരുന്നു. പുതിയ സാധ്യതകള്‍, സങ്കേതങ്ങള്‍, പുതിയ കലാകാരന്‍മാര്‍...ഇപ്പോള്‍ അതെല്ലാം ആസ്വദാകര്‍ക്ക് അടുത്തറിയാന്‍ കോമിക്‌സിനു മാത്രമായുള്ള മേള വീണ്ടും കൊച്ചിയിലെത്തുന്നു, 'ഇന്‍ഡി കോമിക്‌സ് ഫെസ്റ്റ്'. 

ഞായറാഴ്ച്ച എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിക്കടുത്ത് വിമെന്‍സ് അസോയിയേഷന്‍ ഹാളിലാണ് മേള നടക്കുന്നത്. പ്രവേശനം സൗജന്യം. അന്‍പതിലേറെ കോമിക് സ്രഷ്ടാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള ഒട്ടേറെ പുതിയ ആര്‍ട്ടിസ്റ്റുകളും ഇതിലുണ്ടാകും.

സ്വതന്ത്രമായി കോമിക്‌സ് തയ്യാറാക്കുന്ന കലാകാരന്‍മാര്‍ക്ക് വേദിയൊരുക്കുകയാണ് മേള. സ്വതന്ത്രമായി ചിത്രകഥകള്‍ വരയ്ക്കുന്ന ആര്‍ക്കും അവരുടെ സൃഷ്ടികളുമായി മേളയില്‍ പങ്കെടുക്കാം. ചെറിയ പ്രസാധകര്‍ വഴി പുസ്തകം ഇറക്കുന്നവര്‍ക്കും വരാം. മുഖ്യധാരയില്‍ നിന്ന് വരുന്ന സൃഷ്ടികളില്‍ നിന്ന് മാറി സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് 2017 മുതല്‍ ഈ സംരഭം തുടങ്ങിയത്. സ്വതന്ത്രമായി കോമിക്‌സ് (ചിത്രകഥകള്‍) പ്രസിദ്ധീകരിക്കുന്ന പ്രമുഖരും പുതുമുഖങ്ങളുമായ കലാകാരന്‍മാരുടെ ആഘോഷമാണ് ഇന്‍ഡി കോമിക്‌സ് ഫെസ്റ്റ്.

ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ കോമിക്‌സ് മേള പതിവായി നടക്കാറുണ്ട്. ഇതോടൊപ്പമാണ് കൊച്ചിയിലും മേള. ഇത് നാലാം തവണയാണ് കൊച്ചിയില്‍ മേള നടക്കുന്നത്. കോമിക്‌സുകള്‍ സൃഷ്ടിക്കുന്ന കലാകാരന്‍മാരെ നേരിട്ട് കാണാനും പരിചയപ്പെടാനും കോമിക്‌സ് കാണാനും ആസ്വാദകര്‍ക്ക് അവസരമുണ്ട്. കോമിക്‌സ് കമ്യൂണ്‍ കൊച്ചിയിലും പ്രതിമാസ കൂട്ടായ്മകള്‍ നടത്താറുണ്ട്. ശ്രീറാം കെ.വി, ടോണി ഡേവിസ്, സാനിദ് അലി തുടങ്ങിയവരാണ് കൊച്ചിയിലെ സംഘാടകര്‍.
 

Content Highlights: The fourth edition of Indie Comix Fest kicks off in Kochi