ഓടുന്ന ട്രെയിനിനുള്ളില്‍ യുവാവിന്റെ കുളി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ട്രെയിനിനുള്ളില്‍ കുളിക്കുന്ന യുവാവ്‌ | Photo: youtube/ Princezee
ട്രെയിനിനുള്ളില്‍ കുളിക്കുന്ന യുവാവ്‌ | Photo: youtube/ Princezee

പല തരത്തിലുള്ള വീഡിയോകളും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതും ആ സമയത്ത് ആളുകളുടെ അമ്പരപ്പുമാകും ചില വീഡിയോകളുടെ വിഷയം. അധികവും ട്രെയിന്‍ യാത്രയാകും ഇത്തരക്കാര്‍ വീഡിയോയ്ക്കായി തിരഞ്ഞെടുക്കുക. 

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനില്‍ ഒരു യുവാവ് പരസ്യമായി കുളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. ഇയാള്‍ പരസ്യമായി മറ്റുള്ളവരുടെ മുമ്പില്‍വെച്ച് ഉടുപ്പുകളെല്ലാം മാറ്റി കുളിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലാണ് ഈ സംഭവം നടന്നത്.

ഇയാള്‍ ട്രെയിനില്‍ കയറിയ ശേഷം കൈയിലുണ്ടായിരുന്ന വലിയ പെട്ടി തുറന്ന് ഇതില്‍ വെള്ളവും സോപ്പും കലക്കുകയായിരുന്നു. തുടര്‍ന്ന് അതില്‍ ഇറങ്ങി ഇരുന്ന് കുളിക്കാനും തുടങ്ങി. ഇതോടെ തൊട്ടടുത്തുള്ള യാത്രക്കാരെല്ലാം എഴുന്നേറ്റ് സീറ്റ് മാറി ഇരുന്നു. ഇതൊന്നും കാര്യമാക്കാതെ യുവാവ് കുളി തുടരുകയാണ്. ശേഷം ടവ്വല്‍ എടുത്ത് ശരീരം തുടച്ച് വസ്ത്രങ്ങളെല്ലാം ധരിച്ച് അടുത്ത സ്‌റ്റേഷനില്‍ യുവാവ് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. വൈറല്‍ കണ്ടന്റ് ക്രിയേറ്ററായ പ്രിന്‍സ് സീയാണ് ഈ വീഡിയോയിലുള്ള യുവാവ്. 

ഇതിന് താഴെ പ്രിന്‍സിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പൊതുവിടങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്ത് ശ്രദ്ധ കിട്ടാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമായ പ്രണവണതയല്ലെന്ന് വീഡിയോ കണ്ട ഒരു വിഭാഗം ആളുകള്‍ പറയുന്നു. ഇതെല്ലാം കലാപരമായ ആവിഷ്‌കാരമായി കണ്ടാല്‍ മതിയെന്നും ആര്‍ക്കും മറ്റ് ശല്ല്യമൊന്നും യുവാവ് സൃഷ്ടിച്ചില്ലെന്നുമുള്ള രീതിയില്‍ പിന്തുണയ്ക്കുന്നവരുമുണ്ട്. 

Content Highlights: taking shower in train viral video