'വിവാഹമോചനത്തിന് ശേഷവും ഹൃത്വികിന്റെ മാതാപിതാക്കൾ വിളിക്കാറുണ്ട്, 400 കോടി ജീവനാംശം വാങ്ങിയിട്ടില്ല'

14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2014-ലാണ് നടൻ ഹൃത്വിക് റോഷനും ഭാര്യ സൂസെയ്ൻ ഖാനും വേർപിരിഞ്ഞത്. അതിനുശേഷം ഇരുവരും പുതിയ പങ്കാളികളെ കണ്ടെത്തുകയും അടുത്ത സുഹൃത്തുക്കളായി തുടരുകയും ചെയ്തിരുന്നു. മക്കളുടെ ജന്മദിന ആഘോഷങ്ങളിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുമുണ്ട്. എന്നാൽ, അടുത്തിടെ സൂസെയ്‌നെതിരെ സോഷ്യൽ മീഡിയയിൽ ഗുരുതരമായ ആരോപണങ്ങളുയർന്നിരുന്നു. വിവാഹമോചന സമയത്ത് ജീവനാംശമായി ഹൃത്വിക് സൂസെയ്‌ന് 400 കോടി രൂപ നൽകിയിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സൂസെയ്‌ന്റെ സഹോദരി ഫറാ ഖാൻ.
തന്റെ സഹോദരി പണത്തോട് ആർത്തി കാണിക്കുന്ന വ്യക്തിയല്ലെ അവർ 400 കോടി രൂപ വാങ്ങിയിട്ടില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഫറ വ്യക്തമാക്കി. 'പണത്തേക്കാൾ ബന്ധത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് ഞങ്ങളുടെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്റെ സഹോദരിക്ക് 400 കോടി രൂപ വാങ്ങേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കള്ളമാണ്. ഇന്നും എന്റെ സഹോദരി മുൻ ഭർത്താവ് ഹൃത്വിക്കുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളായ രാകേഷ് റോഷൻ, പിങ്കി എന്നിവരുമായും മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത്. അവർ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നുണ്ട്.’
‘അവരുടെ ബന്ധത്തിൽ ഉലച്ചിലുകൾ വന്നപ്പോൾ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനം. അതൊരിക്കലും കുടുംബ ബന്ധങ്ങളെ ബാധിച്ചിട്ടില്ല. ഇപ്പോഴും പഴയതുപോലെ തന്നെയാണ് എല്ലാം. വളരെ മാന്യമായിട്ട് മാത്രമേ എന്റെ സഹോദരി ഇതുവരെ പെരുമാറിയിട്ടുള്ളൂ. അവർ വിവാഹമോചിതരാകുന്നുവെന്ന് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. ചിലർക്ക് കരച്ചിലടക്കാനായില്ല. പക്ഷേ, അവരുടെ തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. വിവാഹമോചനം അവർ രണ്ടുപേരും മനോഹരമായി കൈകാര്യം ചെയ്തു. സൗഹൃദത്തോടെ തന്നെ വേർപിരിഞ്ഞു.' ഫറാ ഖാൻ അഭിമുഖത്തിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ എന്തുകൊണ്ട് പ്രതിരോധിക്കുന്നില്ലെന്ന് താൻ സൂസെയ്‌നോട് ചോദിച്ചിരുന്നുവെന്നും ഫറാ പറയുന്നു. ആളുകൾ തന്നെക്കുറിച്ച് എന്ത് വിചാരിച്ചാലും തനിക്ക് പ്രശ്‌നമില്ലെ ന്നായിരുന്നു സൂസെയ്‌ന്റെ മറുപടി.
വിവാഹമോചനത്തിന് ശേഷം നടൻ അർസലൻ ഗോണിയുമായി സൂസെയ്ൻ ഖാൻ പ്രണയത്തിലായി. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് താമസം. 39-കാരനായ അർസലൻ ഗോണിയും 50-കാരിയായ സൂസെയ്ൻ ഖാനും തമ്മിലുള്ള പ്രായവ്യത്യാസവും ഏറെ ചർച്ചയായിരുന്നു. നടി സബ ആസാദാണ് ഹൃത്വിക് റോഷന്റെ പുതിയ പങ്കാളി. 2022-ലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്.
Content Highlights: Farah Khan Ali officially denies the Rs 400 crore alimony claim., Emphasizes that Sussanne Khan did not take any financial settlement., Highlights the amicable co-parenting relationship between Hrithik and Sussanne., Addresses the public scrutiny surrounding their high-profile divorce., Confirms both are happy in their respective new relationships.