'പ്രിയയെ ചാക്കോച്ചന്‍ മിന്നുകെട്ടിയ ദിവസം ഭാഗ്യ ഒരുപാട് കരഞ്ഞിരുന്നു'; വിവാഹ റിസപ്ഷനിടെ സുരേഷ് ഗോപി

ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയില്‍ നിന്ന്‌ | Photo: youtube screengrab
ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയില്‍ നിന്ന്‌ | Photo: youtube screengrab

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റേയും വിവാഹ റിസപ്ഷന്‍. കൊച്ചിയില്‍ നടന്ന സ്തകാരത്തില്‍ നവദമ്പതികളെ അനുഗ്രഹിക്കാന്‍ നിരവധി സെലിബ്രിറ്റികളെത്തി. മകന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമൊപ്പമാണ് മമ്മൂട്ടി പരിപാടിക്കെത്തിയത്. 

ദുല്‍ഖര്‍ സല്‍മാനൊപ്പം നില്‍ക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ മകന്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിയുടെ മൂത്ത മകനും നടനുമായ ഗോകുലും ചിത്രത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ റിസപ്ഷനില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നടന്‍ കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു ഭാഗ്യയെന്നും കുഞ്ചക്കോ ബോബന്റെ വിവാഹദിവസം ഭാഗ്യ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നുമാണ് വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നത്. സ്വന്തം മകളെ വിവാഹസമയത്തും റാഗ് ചെയ്യുന്ന അച്ഛനെ ശിരസാല്‍ നമസ്‌കരിക്കുന്നു എന്ന് കുഞ്ചക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ഭാഗ്യയേയും ശ്രേയസിനേയും അനുഗ്രഹിക്കാന്‍ ഭാര്യക്കും മകനുമൊപ്പം റിസപ്ഷന് എത്തിയതായിരുന്നു കുഞ്ചക്കോ ബോബന്‍.

അവര്‍ വേദിയിലെത്തിയപ്പോഴാണ് സുരേഷ് ഗോപി ഭാഗ്യയുടെ പഴയ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. 'സിനിമയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഒരുപാട് സുഹൃത്തുക്കളെല്ലാം വന്നു. എല്ലാവരോടും നന്ദി പറയുകയാണ്. അവസാന നിമിഷത്തിലാണ് ചാക്കോച്ചന്‍ വന്നുകയറിയത്. ചാക്കോച്ചനെ ഹാര്‍ട്ട് ത്രോബായി സ്വീകരിച്ചിരുന്ന കുട്ടിയാണ് ഭാഗ്യ. പ്രിയയെ ചാക്കോച്ചന്‍ മിന്നുകെട്ടിയ ദിവസം ഭാഗ്യ ഒരുപാട് കരഞ്ഞിരുന്നു. ആ പെണ്‍കുട്ടിയാണ് ഇന്ന് വിവാഹിതയായി ശ്രേയസിനൊപ്പം ഇവിടെ നില്‍ക്കുന്നത്.'-വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നു.

ഇതിന് രസകരമായ മറുപടി കുഞ്ചക്കോ ബോബനും നല്‍കി. 'സ്വന്തം മകളെ വിവാഹദിവസത്തിലും റാഗ് ചെയ്യുന്ന അച്ഛനെ ശിരസാല്‍ നമസ്‌കരിക്കുന്നു. കുടുംബപരമായിട്ടും ജോലി സംബന്ധമായും ഏറ്റവും അടുത്ത ജ്യേഷ്ഠസ്ഥാനത്തുള്ള വ്യക്തിയാണ് സുരേഷേട്ടന്‍. പക്ഷേ ഇതുവരെ ഒരു വാക്ക് അദ്ദേഹം പാലിച്ചിട്ടില്ല. എന്റെ വീട്ടില്‍വന്ന് താറാവു കറി കഴിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ കഴിച്ചിട്ടില്ല. ഒരു ദിവസം എല്ലാവരേയും വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ശ്രേയസും ഭാഗ്യയും വേദിയില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും ഒരു കുടുംബമെന്ന തോന്നലാണ്. എല്ലാ നന്മകളും നേരുന്നു.'- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

Content Highlights: suresh gopi and kunchako boban funny moments at bhagya sureshs marriage reception