ട്രംപ് വരെ എടുത്തുപറഞ്ഞ സുനിതയുടെ 'വൈല്‍ഡ് ഹെയര്‍'; മുടി കെട്ടാത്തതിനു പിന്നിലെ രഹസ്യം

സീറോ ഗ്രാവിറ്റിയില്‍ ഒമ്പത് മാസം കഴിഞ്ഞ സുനിതാ വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും ഓരോ വാര്‍ത്തകള്‍ക്കും ലോകം കൗതുകത്തോടെയാണ് കാതോര്‍ത്തത്. അവര്‍ എങ്ങനെയാണ് ബഹിരാകാശ നിലയത്തില്‍ കഴിയുന്നതെന്നും ജീവന്‍ നിലനിര്‍ത്തുന്നത് എങ്ങനെയാണെന്നുമെല്ലാം ആളുകള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു. ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുനിതയുടെ മുടിയെ കുറിച്ച് ഒരു തമാശയും പറഞ്ഞു. 'വുമണ്‍ വിത്ത് വൈല്‍ഡ് ഹെയര്‍' എന്നായിരുന്നു ട്രംപിന്റെ വിശേഷണം.
ഇതിന് പിന്നാലെ ചര്‍ച്ചകളും തുടങ്ങി. ബഹിരാകാശ യാത്രികര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ബഹിരാകാശ നിലയത്തില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് മുടി അഴിച്ചിടുന്നത് എന്നതായിരുന്നു മിക്കവരുടേയും ചോദ്യം. ഇതിന്റെ ഉത്തരം ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.
ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്താല്‍ മുടി സ്വാഭാവികമായി മുഖത്തേക്ക് വീഴില്ല. എപ്പോഴും സ്വതന്ത്രമായി പൊങ്ങിക്കിടക്കും. അതുകൊണ്ട് പിന്നിലേക്ക് കെട്ടേണ്ട ആവശ്യമേയില്ല. ഭൂമിയില്‍ ഗുരുത്വാകര്‍ഷണമുള്ളതിനാല്‍ അത് മുടിയെ താഴേക്ക് വലിക്കുന്നു. അതുകൊണ്ടാണ് ഹെയര്‍ബാന്‍ഡ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മുടി കെട്ടിയിടേണ്ടി വരുന്നത്.
ഭൂമിയിലാകുമ്പോള്‍ മുടി കെട്ടിക്കുടുങ്ങാതിരിക്കാന്‍ ചീകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബഹിരാകാശ നിലയത്തില്‍ മുടി സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നതിനാല്‍ കെട്ടിക്കുടുങ്ങില്ല. അതുകൊണ്ടുതന്നെ മാസങ്ങളോളം മുടി ചീകാതിരിക്കാം. അതുകൂടാതെ ബഹിരാകാശത്ത് പലപ്പോഴും ഹെല്‍മെറ്റുകളും ഹെഡ്ഗിയറുകളും ധരിക്കേണ്ടി വരും. ഇത് അവരുടെ തലയോട്ടിക്ക് ചുറ്റും വായുസഞ്ചാരം കുറയ്ക്കും. ഈ സമയത്ത് മുടി അഴിച്ചിടുമ്പോള്‍ അത് തലയോട്ടിക്ക് തണുപ്പ് നല്‍കുന്നു.
എന്നാല്‍ മുടിയുടെ പരിചരണം എളുപ്പമാണെങ്കിലും ഹെയര്‍സ്റ്റൈല്‍ മാറ്റുക എന്നത് ബഹിരാകാശത്ത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മുടി മുറിക്കാന്‍ വാക്വം അറ്റാച്ച്‌മെന്റുള്ള പ്രത്യേക ഇലക്ട്രിക് ക്ലിപ്പറുകള്‍ തന്നെ വേണം.
Content Highlights: sunita williams didnt tie her hair in space