'സ്‌കൂള്‍കാലം മുതല്‍ ഗോവിന്ദയുമായി പ്രണയത്തില്‍, എട്ടാം ക്ലാസില്‍ തോറ്റതോടെ അമ്മ മുഖം പൊള്ളിച്ചു'

ഗോവിന്ദയും സുനിത അഹൂജയും | Photo: UNI
ഗോവിന്ദയും സുനിത അഹൂജയും | Photo: UNI

നടന്‍ ഗോവിന്ദയുമായുള്ള പ്രണയകാലത്തെ കുറിച്ച് മനസ് തുറന്ന് ഭാര്യ സുനിത അഹൂജ. സുനിത സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുന്ന സമയത്താണ് ഗോവിന്ദയുമായുള്ള പ്രണയം തുടങ്ങുന്നത്. അന്ന് ഗോവിന്ദ കോളേജില്‍ പഠിക്കുകയായിരുന്നു. തുടക്കത്തില്‍ തന്റെ കുടുംബത്തില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ തന്നെ നേരിടേണ്ടി വന്നുവെന്നും മാതാപിതാക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നും സുനിത പറയുന്നു.

ഈ പ്രണയം തന്റെ പഠനത്തെ ബാധിച്ചുതുടങ്ങിയപ്പോഴാണ് എതിര്‍പ്പ് ശക്തമായതെന്നും അവര്‍ വ്യക്തമാക്കുന്നു. 'ഞാന്‍ എട്ടാം ക്ലാസ്സില്‍ തോറ്റു. അന്ന് ആ വിവരം ഞാന്‍ അമ്മയോട് പറഞ്ഞില്ല. ഞാന്‍ ജയിച്ചു എന്ന് അമ്മയോട് കള്ളം പറഞ്ഞു. എന്നാല്‍ അമ്മയ്ക്ക് സത്യം അറിയാമായിരുന്നു. ഫ്രെയിങ് പാന്‍ ചൂടാക്കി എന്റെ കവിള്‍ത്തടം പൊള്ളിച്ചു. എന്തിനാണ് കള്ളം പറഞ്ഞതെന്ന് ചോദിച്ചു. അമ്മ എപ്പോഴും എന്നെ പഠിക്കാന്‍വേണ്ടി നിര്‍ബന്ധിക്കുമായിരുന്നു. പക്ഷേ എനിക്ക് അതിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, പുസ്തകം തുറന്നാല്‍തന്നെ ഞാന്‍ ഉറങ്ങിപ്പോകുമായിരുന്നു.'- അഭിമുഖത്തില്‍ സുനിത പറയുന്നു. 

സഹോദരി പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്ലേഡ് കൊണ്ട് വരഞ്ഞതിനെ കുറിച്ചും അവര്‍ സംസാരിച്ചു. 'ഒരിക്കല്‍ എന്റെ ചേച്ചി എന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു. എനിക്കാണെങ്കില്‍ അത് വെറുപ്പായിരുന്നു. ഞാന്‍ ഒരു ബ്ലേഡ് എടുത്ത് ചേച്ചിയുടെ തുടയില്‍ വരഞ്ഞു.' - സുനിത കൂട്ടിച്ചേര്‍ത്തു. കണക്കിനോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നെന്നും അതിന് കാരണം പൈസ കണക്ക് കൂട്ടുന്നതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. 

1987-ലാണ് സുനിതയും ഗോവിന്ദയും വിവാഹിതരായത്. ആദ്യത്തെ ഒരു വര്‍ഷം അവരുടെ വിവാഹം രഹസ്യമാക്കി വെച്ചു.  മകള്‍ ടീനയുടെ ജനനത്തിനു ശേഷം മാത്രമാണ് ഗോവിന്ദ വിവാഹിതനായ കാര്യം പരസ്യമാക്കിയത്.  തങ്ങളുടെ ബന്ധത്തെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും സുനിത വെളിപ്പെടുത്തി. 'ഞാന്‍ ഗോവിന്ദയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് വലിയൊരു കുടുംബമുണ്ടായിരുന്നു. എന്റെ 18-ാം വയസ്സിലാണ് ഞാന്‍ വിവാഹിതയായത്. ടീന ജനിക്കുമ്പോള്‍ എനിക്ക് 19 വയസ്സായിരുന്നു. അതിനാല്‍ കുഞ്ഞുണ്ടാകുമ്പോള്‍ ഞാനും ഒരു കുട്ടിയായിരുന്നു.'- അവര്‍ പറയുന്നു.  

Content Highlights: sunita ahuja talks about dating time with govinda