'അന്ന് മുറിയിൽ ഒറ്റക്കിരുന്ന് കരഞ്ഞു, ആ അവഗണനയാണ് എന്നെ സിനിമയിലെത്തിച്ചത്'-സുഹാന ഖാൻ

തുടക്കത്തിൽ അഭിനയത്തെ ഒരു കരിയറായി കരുതിയിട്ടില്ലെന്നും സ്‌കൂൾ നാടകങ്ങളിലെ അനുഭവങ്ങളാണ് അഭിനയത്തിൽ താത്പര്യം കണ്ടെത്താൻ സഹായിച്ചതെന്നും നടി സുഹാന ഖാൻ. സ്‌കൂളിൽ പലപ്പോഴും താൻ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നും ആ സമയത്തെല്ലാം കരഞ്ഞിട്ടുണ്ടെന്നും അവർ ഹാർപേഴ്‌സ് ബസാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തുടക്കത്തിൽ സ്‌കൂളിലെ പരിപാടികളിൽ പങ്കെടുക്കാൻ പേടിയായിരുന്നു. വേദിയിലെത്തുമ്പോൾ ആകെ പരിഭ്രമിക്കാൻ തുടങ്ങും. ബോർഡിങ് സ്‌കൂൾ കാലഘട്ടത്തിലാണ് ഇതിൽ മാറ്റം വന്നത്. ഒരു പ്രധാന കഥാപാത്രമാകാം എന്ന് കരുതി നാടകത്തിന്റെ ഓഡിഷനിൽ പങ്കെടുത്തു. പക്ഷേ പകരം കോറസിലാണ് തന്നെ ഉൾപ്പെടുത്തിയതെന്നും സുഹാന പറയുന്നു.
ആ അവഗണന സുഹാനയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്ന് മുറിയിൽ തനിച്ചിരുന്ന് കരഞ്ഞുവെന്ന് സുഹാന പറയുന്നു. 'എനിക്ക് വളരെ നിരാശയും വിഷമവും തോന്നി. ആ കഥാപാത്രത്തെ വേദിയിൽ അവതരിപ്പിക്കാനും അത് ആസ്വദിക്കാനും ശരിക്കും ആഗ്രഹമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്'-സുഹാന പറയുന്നു.
തന്റെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനുമുള്ള പങ്കിനെ കുറിച്ചും സുഹാന സംസാരിച്ചു. ഫിലോസഫിക്കലായിട്ടുള്ള ഉപദേശങ്ങൾ അച്ഛൻ നൽകുമ്പോൾ അമ്മ കൂടുതലും പ്രാക്ടിക്കലായിട്ടുള്ള നിർദേശങ്ങളാണ് നൽകാറുള്ളതെന്നും അവർ പറയുന്നു. 'എന്ത് കാര്യമുണ്ടെങ്കിലും ഞാൻ മാതാപിതാക്കളോട് ചോദിക്കും. അവരാണ് അന്തിമ തീരുമാനം എടുക്കുന്നത്. രണ്ടിനുമിടയിൽ എനിക്ക് സ്ഥിരത കണ്ടെത്താൻ കഴിയും. എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊരു പ്രതിസന്ധി നേരിടുകയാണെങ്കിൽ ഞാൻ ആദ്യം വിളിക്കുന്നത് അവരെയായിരിക്കും. അച്ഛൻ ജീവിതത്തേയും തിരഞ്ഞെടുപ്പുകളേയും കുറിച്ച് വിശാലമായി ചിന്തിക്കുമ്പോൾ അമ്മ കൂടുതലും വ്യക്തതയോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കാറുള്ളത്.'-സുഹാന പറയുന്നു.
സമ്മർദങ്ങളില്ലാതേയും അമിത പ്രതീക്ഷകളില്ലാതേയും തന്നെ ജീവിക്കാൻ സഹായിക്കുന്നത് അച്ഛനും അമ്മയുമാണെന്നും ആളുകൾ തന്നെ അംഗീകരിക്കുന്നതിനേക്കാൾ കൂടുതൽ മാനസികമായും ശാരീരികമായും സന്തോഷത്തോടെ ഇരിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും സുഹാന കൂട്ടിച്ചേർത്തു.
Content Highlights: suhana khan cried alone in room recalls rejection that changed her acting journey