പകലന്തിയോളം വരയ്ക്കുന്നതെല്ലാം കണ്ണനെ, ഉള്ളിൽ വരയോടുള്ള ആവേശം; തെരുവിലെ അമ്മയ്ക്ക് കൂട്ട് ‘കൃഷ്ണവര'

#കല്ലൂര്‍ ഉണ്ണികൃഷ്ണന്‍
ഗുരുവായൂരിന്റെ തെരുവോരത്തിരുന്ന് കണ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന സുമ
ഗുരുവായൂരിന്റെ തെരുവോരത്തിരുന്ന് കണ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന സുമ

ഗുരുവായൂർ: തെരുവിലിരുന്ന് ഈ അമ്മ കൈ നീട്ടുന്നത് അന്നത്തിനുവേണ്ടി മാത്രമല്ല, ചിത്രം വരയ്ക്കാനുള്ള ചായങ്ങൾ വാങ്ങാൻ കൂടിയാണ്. അവരുടെ ഭാണ്ഡക്കെട്ടിലെ മുഷിഞ്ഞ തുണികൾക്കിടയിൽ കാണാം അക്രിലിക് പെയിന്റുകൾ, ബ്രഷുകൾ, പാതി വരച്ച ചിത്രങ്ങൾ... തിരുവനന്തപുരം സ്വദേശിനിയായ സുമ എന്ന 55-കാരി ഗുരുവായൂരിലെത്തിയിട്ട് പത്തു വർഷത്തിലേറെയായി. ഭർത്താവും മക്കളും നാട്ടിലാണ്. ഗുരുവായൂർ പടിഞ്ഞാറെ നടയിലെ നടപ്പാതയുടെ ഓരത്താണ് സുമയുടെ കിടപ്പും താമസവും.

രാവിലേയും ഉച്ചയ്ക്കും ആരെങ്കിലുമൊക്കെ ഭക്ഷണപ്പൊതികൾ നീട്ടും. ഉള്ളിൽ വരയോടുള്ള അടങ്ങാത്ത ആവേശമാണ്. അതിരാവിലെ എഴുന്നേൽക്കും. താൻ വരച്ച കൃഷ്ണച്ചിത്രങ്ങൾ കണികണ്ടാണ് ഉണരുക. കണ്ണന്റെ വിവിധ രൂപങ്ങളാണ് പ്രധാനമായും വരയ്ക്കുക. ഉറിയിൽനിന്ന് വെണ്ണ കവർന്നെടുക്കുന്ന കണ്ണന്റെ ചിത്രം വരച്ചത് പലർക്കും ഇഷ്ടമായി. ചിത്രം ശ്രദ്ധയിൽപ്പെട്ട ഒരാൾ അത് ഫ്രെയിം ചെയ്തുകൊടുത്തു. അത് നടപ്പാതയിൽ ചാരി വെച്ചിട്ടുണ്ട്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നവർ ഈ ചിത്രം കണ്ട് സുമയ്ക്ക് സഹായം നൽകാറുമുണ്ട്.

പക്ഷേ, ആരേയും കാണിക്കാനല്ല, തന്റെ സന്തോഷത്തിനുവേണ്ടിയാണ് കണ്ണനെ വരയ്ക്കുന്നതെന്ന് സുമ എല്ലാവരോടും പറയും. നിത്യവും രാവിലെ മുതലേ കൃഷ്ണവര തുടങ്ങും. രാത്രി ഉറക്കം വരാതാകുമ്പോൾ തെരുവിലെ ഇത്തിരിവെട്ടത്തിലിരുന്നും വര തുടരും. വരച്ച ചിത്രങ്ങളൊന്നും സൂക്ഷിച്ചുവയ്ക്കാറില്ല. ചിലത് കാറ്റിൽ പറന്നുപോകും.

തെക്കേ നടയിൽ ശ്രീവത്സത്തിന്റെ മതിലിൽ കേശവന്റെ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കേ, ഈ അമ്മ നിത്യവും ചിത്രരചന കാണാൻ എത്താറുണ്ടായിരുന്നുവെന്ന് ചുമർച്ചിത്രകാരൻ കെ.യു. കൃഷ്ണകുമാർ പറഞ്ഞു. മാത്രമല്ല, പലയിടത്തും വെച്ച് കാണുമ്പോഴൊക്കെ ഒരു ചിത്രം വരച്ചുതരുമോ എന്നാണ് അവർ ആവശ്യപ്പെടാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Street women art guruvayoor-krishnan