മാസം ചെലവ് 25,000 രൂപ, ശമ്പളം 90000!; ശ്രദ്ധനേടി 28-കാരിയുടെ ബഡ്ജറ്റ് പ്ലാൻ

#Lifestyle desk
കൃതിക| ഫോട്ടോ: Instagram/@Kritika
കൃതിക| ഫോട്ടോ: Instagram/@Kritika

ലക്ഷങ്ങൾ ശമ്പളമുണ്ടായിട്ടും മാസാവസാനം കൈയിൽ പണമില്ലാതെ വിഷമിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലെ ജീവിതച്ചെലവ് താങ്ങാനാകാതെ സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ, പ്രതിമാസം 90000 രൂപ ശമ്പളമുണ്ടായിട്ടും വെറും 25000 രൂപ കൊണ്ട് ഡൽഹിയിൽ ജീവിക്കുന്ന 28 കാരി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

2022-ലെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സി.ജി.എൽ പരീക്ഷ പാസായി ഡൽഹിയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്ന കൃതികയാണ് ബഡ്ജറ്റ് പ്ലാൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ലെവൽ-7 ഉദ്യോഗസ്ഥയായ കൃതിക എങ്ങനെയാണ് ചെലവ് 25000 രൂപയിൽ ചുരുക്കുന്നതെന്നും പറയുന്നുണ്ട്. 

ഡൽഹിയിൽ ഒറ്റയ്ക്ക് താമസിച്ച് വലിയ തുക വാടക നൽകുന്നതിന് പകരം മറ്റൊരു ഫ്ലാറ്റ്‌മേറ്റിനൊപ്പമാണ് കൃതിക താമസിക്കുന്നത്. രണ്ട് മുറികകളുള്ള വീട്ടിൽ തന്റെ വിഹിതമായി വാടകയിനത്തിൽ വരുന്നത് 11,500 രൂപ മാത്രമാണ്.

ഭക്ഷണ കാര്യത്തിലും ചെലവ് ചുരുക്കിയെന്ന് പറയുന്നു. പാചകം ചെയ്യാനായി കുക്കിനെ വെച്ചിട്ടുണ്ട്. 5000 രൂപയാണ് ശമ്പളം. ഇതും പകുതിയായി പങ്കുവെക്കുന്നതിനാൽ 2,500 രൂപ മാത്രമേ ചെലവാകുന്നുള്ളൂ. പലചരക്ക് സാധനങ്ങൾക്കും മറ്റ് ഓൺലൈൻ ഡെലിവറികൾക്കുമായി 4000 മുതൽ 5000 രൂപ വരെ മാറ്റി വെക്കുന്നു.

നഗരങ്ങളിലെ യാത്രയ്ക്കായി മെട്രോയോ വിലകൂടിയ കാബുകളോ ഉപയോഗിക്കുന്നതിന് സ്കൂട്ടറാണ്. ഇതോടെ യാത്രാച്ചെലവ് ഇനത്തിൽ പെട്രോളിനായി മാസം വെറും 1500 രൂപയാണ് ചെലവാകുന്നത്.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷനുകൾക്കായി കൃതികയ്ക്ക് ഒരൊറ്റ രൂപ പോലും ചെലവില്ല. സഹോദരിയുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

പുറത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യുന്നതിനും മറ്റുമായി പരമാവധി 2000 രൂപയാണ് മാറ്റിവെക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിനായി മാസം 3000 മുതൽ 4000 രൂപ വരെ ചെലവഴിക്കുന്നു.

ഇടയ്ക്കിടെ നടത്തുന്ന യാത്രകളും വീട്ടുസാധനങ്ങൾ വാങ്ങുന്നതുമെല്ലാം ഒറ്റത്തവണ ചെലവുകളായതിനാലാണ് പ്രതിമാസ ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തതെന്നും കൃതിക വിഡിയോയിൽ വ്യക്തമാക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kritika (@tweetikaa)

Content Highlights: Kritika, a 28-year-old Assistant Section Officer in Delhi earning ₹90,000 per month, has gone viral on Instagram after sharing how she smartly manages all her expenses.