ആർത്തവം ഒഴികഴിവല്ലെന്ന് ശ്രീലീല; ഡോക്ടർ കൂടിയായ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

#Lifestyle Desk
ശ്രീലീല | Photos: instagram.com/sreeleela14
ശ്രീലീല | Photos: instagram.com/sreeleela14

ട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ശ്രീലീല. ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ് താരം. ഉസ്താദ് ഭഗത് സിങ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ നടത്തിയ പരാമർശമാണ് ശ്രീലീലയെ വിവാദത്തിൽ പെടുത്തിയത്. ആർത്തവമെന്നത് ഒഴികഴിവല്ല എന്നാണ് ശ്രീലീല പറഞ്ഞത്. അടുത്തിടെ മെഡിക്കൽ ബിരുദം നേടി ഡോക്ടറായ ശ്രീലീലയിൽ നിന്നുണ്ടായ ഈ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

'എന്റെ ഗാനങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷക പ്രശംസ നേടിയവയാണ്. എനിക്ക് ആർത്തവമുള്ളപ്പോഴാണ് അതിൽ പലതും ചിത്രീകരിച്ചത്. അതിനാൽ ആർത്തവം ഒരിക്കലും ഒരിടത്തും ഒഴികഴിവല്ല. ശാരീരികമായ തടസങ്ങൾക്ക് അപ്പുറത്തേക്ക് നമ്മൾ മുന്നേറണമെന്നാണ് എനിക്ക് തോന്നുന്നത്. ശാരീരികമാകട്ടെ, മാനസികമാകട്ടെ അതൊന്നും ഒഴികഴിവല്ല.' -ഇതാണ് ശ്രീലീല പറഞ്ഞത്.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ പേർ രംഗത്തെത്തി. ആർത്തവാനുഭവം ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ശ്രീലീലയുടെ പ്രസ്താവനയോട് ഇവർ വിയോജിച്ചത്. 'ഓരോരുത്തർക്കും ഇത് വ്യത്യസ്തമാണ്. നിങ്ങൾക്ക് ആ സമയത്ത് തുള്ളിച്ചാടാൻ കഴിയുമെന്നതിന്റെ അർഥം മറ്റുള്ളവർക്കും അത് ചെയ്യാൻ കഴിയുമെന്നല്ല.' -ഇതാണ് ഒരാൾ പറഞ്ഞത്. 'ഞാനുൾപ്പെടെയുള്ള മറ്റുപലർക്കും ആർത്തവകാലത്തെ വേദനയെന്നത് അസഹനീയമാണ്. ഓരോ മാസവും ഞങ്ങൾ ഈ വേദന സഹിച്ചുകൊണ്ട് ജോലിക്ക് പോകുന്നു, കുട്ടികളെ വളർത്തുന്നു, എല്ലാ കാര്യങ്ങളും ചെയ്യുന്നു. മറ്റെന്ത് ഒഴികഴിവാണ് ഞങ്ങൾ പറയേണ്ടത്?' -രോഷത്തോടെ ഒരു സ്ത്രീ കുറിച്ചു.

'കൊല്ലം 2026 ആയി. നമ്മൾ ഇപ്പോഴും സ്ത്രീകളെ വൈദ്യശാസ്ത്രപരമായി ദുർബലപ്പെടുത്തുകയും അവരുടെ വേദനയെ ഒഴികഴിവെന്ന് വിളിക്കുകയുമാണോ? ഇവർ ഒരു ഡോക്ടറല്ലേ? ഇവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു.' ഇതായിരുന്നു മറ്റൊരു കമന്റ്. സമാനമായ നൂറുകണക്കിന് വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. അതേസമയം, ഇതിനോട് ശ്രീലീല പ്രതികരിച്ചിട്ടില്ല.

Content Highlights: Actress Sreeleela is facing intense criticism after stating that menstruation should not be used as an "excuse" to skip work or duties. Speaking at the success meet of her film Ustad Bhagat Singh, the actress-doctor shared that she filmed several dance sequences while on her period. However, netizens pointed out that period experiences vary for everyone and criticized her for being insensitive to those suffering from severe menstrual pain and conditions like endometriosis or PCOS.