52-ാം വയസില്‍ MBA നേടി മുംബൈ സ്വദേശി; ആഘോഷമാക്കി കുടുംബം, പ്രോത്സാഹിപ്പിച്ച് നെറ്റിസണ്‍സ്

മകന്‍ പങ്കുവെച്ച വീഡിയോയിലെ ദൃശ്യം.| Photo credit: maitreyasathe/instagram
മകന്‍ പങ്കുവെച്ച വീഡിയോയിലെ ദൃശ്യം.| Photo credit: maitreyasathe/instagram

അറിവ് നേടാന്‍ പ്രായം ഒരു പ്രശ്‌നമല്ല. മുംബൈയില്‍ താമസിക്കുന്ന അന്‍പത്തിരണ്ട് വയസുള്ള ഒരു 'വിദ്യാര്‍ഥി'യും തന്റെ എം.ബി.എ എന്ന സ്വപ്‌നം പൂര്‍ത്തിയാക്കുന്നതിന് പ്രായം ഒരു ഉപാധിയാക്കിയില്ല.  എന്നാല്‍ അച്ഛന്റെ ഈ അപൂര്‍വ നേട്ടത്തിന് അപ്രതീക്ഷിതമായി മകന്‍ ഒരുക്കിയ ആഘോഷമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ബിരുദദാന ചടങ്ങിനെടുത്ത അച്ഛന്റെ ചിത്രം മുഖംമൂടിയാക്കി ധരിച്ചാണ് കുടുംബം അദ്ദേഹത്തെ വരവേറ്റത്. പരിപാടി കൂടുതല്‍ സന്തോഷകരമാക്കാന്‍ മുറിയിലെ ചുവരുകളില്‍ സന്ദേശങ്ങളെഴുതിയും മറ്റും അലങ്കരിക്കുകയും ചെയ്തിരുന്നു. അച്ഛനായി മകന്‍ ഒരുക്കിയ ഈ പരിപാടി സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ബിരുദം സ്വന്തമാക്കിയ അച്ഛനെയും മകന്റെ ക്രിയാത്മകതെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

വീഡിയോ കണ്ട ഒരു ഉപയോക്താവ് തന്റെ അമ്മ അന്‍പതാം വയസില്‍ ബിരുദാനന്തര ബിരുദം നേടിയതിനെക്കുറിച്ച് കുറപ്പ് പങ്കുവെച്ചു. മുപ്പത്തിയഞ്ച് വയസായിട്ടും എം.ബി.എ പൂര്‍ത്തായാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സങ്കടപ്പെട്ട മറ്റൊരു ഉപയോക്താവ് വീഡിയോയിലെ 'അങ്കിളിനെ' കണ്ട് പരീക്ഷ ജയിക്കാനുള്ള മാര്‍ഗങ്ങള്‍ ചോദിക്കണം എന്നാണ് അഭിപ്രായപ്പെട്ടത്. ആളുകള്‍ അവരുടെ പ്രായം കണക്കാതെ ഇത്തരത്തിലുള്ള അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത് ആഘോഷിക്കപ്പെടണം എന്നാണ് വീഡിയോ കണ്ട മറ്റൊരാളുടെ അഭിപ്രായം.
 

Content Highlights: 52-year-old student in Mumbai achieved his MBA dream. His son`s heartwarming celebration gone viral