വേർപിരിയലിന് കാരണം നിരന്തരമായ കലഹം; സീമ സജ്‌ദേയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സൊഹൈൽ ഖാൻ

സൊഹൈൽ ഖാൻ | photo:AFP
സൊഹൈൽ ഖാൻ | photo:AFP

വിവാഹമോചത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം വേർപിരിയലിനെ സംബന്ധിച്ച് മനസുതുറന്ന് ബോളിവുഡ് നടനും നിർമാതാവുമായ സൊഹൈൽ ഖാൻ. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മുൻഭാര്യ സീമ സജ്‌ദേയുമായുള്ള നിരന്തരമായ കലഹങ്ങളാണ് വേർപിരിയലിന് പിന്നിലെ പ്രധാന കാരണമെന്ന് നടൻ വെളിപ്പെടുത്തിയത്. ദാമ്പത്യ കലഹങ്ങൾ കുട്ടികളിലുണ്ടാകുന്ന മാനസിക ആഘാതങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് സൊഹൈൽ തന്റെ വിവാഹമോചത്തെക്കുറിച്ച് സംസാരിച്ചത്. ഇരുവരും വേർപിരിഞ്ഞ ശേഷം സൊഹൈൽ ഖാൻ ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്.

ഇരുപത്തിനാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ചാണ് അദ്ദേഹം പങ്കുവെച്ചത്. "ഞാൻ ഇരുപത്തിനാല് വർഷം സീമയോടൊപ്പം ജീവിച്ചു. അവൾ ഒരു നല്ല പെൺകുട്ടിയാണ്, പക്ഷേ ചില കാര്യങ്ങൾ ശരിയായില്ല. അവൾ സ്നേഹമുള്ള ഒരു വ്യക്തിയും കുട്ടികളെ നന്നായി പരിപാലിക്കുന്ന ഒരമ്മയുമാണ്. പിരിഞ്ഞ ശേഷവും വർഷത്തിൽ ഒരിക്കൽ ഞങ്ങൾ കുട്ടികളെയും കൂട്ടി അവധിക്കാലം ആഘോഷിക്കാൻ പോകാറുണ്ട്. ഞങ്ങൾ വെവ്വേറെ മാതാപിതാക്കളായി തുടരുകയും നല്ല സമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്യും,"- സൊഹൈൽ പറഞ്ഞു.

മക്കളായ നിർവാന്റെയും യോഹാന്റെയും കാര്യത്തിലുള്ള ആശങ്കയാണ് ഈ തീരുമാനത്തിന് പ്രധാനമായും കാരണമായതെന്നും അദ്ദേഹം പറഞ്ഞു. "ഭാര്യയും ഭർത്താവും വഴക്കിടാൻ തുടങ്ങുമ്പോൾ അത് കുട്ടികളെയാണ് ബാധിക്കുന്നത്. ഭാര്യയ്ക്കും ഭർത്താവിനും ഉള്ള ഈഗോ കുട്ടികളെ ബാധിക്കുമെന്ന് അവർ തിരിച്ചറിയുന്നില്ല, അതോടെ കുട്ടികൾ അസ്വസ്ഥരാകാൻ തുടങ്ങുന്നു. അങ്ങനെ അവർ അടുത്ത തലമുറയെ നശിപ്പിക്കുകയാണ്. അപ്പോൾ കുട്ടികൾ മാനസികമായി അസ്വസ്ഥരായ മനുഷ്യരായി വളരും. അങ്ങനെ സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഞാനും സീമയും തീരുമാനിച്ചു," സൊഹൈൽ കൂട്ടിച്ചേർത്തു.

സൊഹൈൽ ഖാനും സീമ സജ്‌ദേയും 1998-ലാണ് വിവാഹിതരായിയത്. വ്യത്യസ്ത പശ്ചാത്തലത്തിൽ വളർന്ന ഇരുവരും രണ്ട് പാരമ്പര്യങ്ങളെയും മാനിച്ചുകൊണ്ട് ആര്യസമാജ വിധിപ്രകാരവും മുസ്ലിം മതാചാരപ്രകാരവും വിവാഹം കഴിച്ചിരുന്നു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട് സൊഹൈലും സീമയും 2022-ൽ ഔദ്യോഗികമായി വിവാഹമോചിതരാവുകയായിരുന്നു. 1997ല്‍ 'ഔസാര്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈല്‍ സിനിമയിലേക്ക് എത്തുന്നത്. സൊഹൈലിന്റെ സഹോദരന്മാരായ സൽമാൻ ഖാനും അർബാസ് ഖാനും ഒരുമിച്ച്  അഭിനയിച്ച 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' എന്ന ചിത്രവും സംവിധാനം ചെയ്തു. സല്‍മാന്റെ ഒരുപാട് ചിത്രങ്ങളില്‍ സൊഹൈല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Content Highlights: 'I didn't want to trouble the children'; Sohail Khan on his divorce with Seema Sajdeh