'അച്ഛനും അമ്മയും തരുന്ന സ്വാതന്ത്ര്യം കണ്ട് സുഹൃത്തുക്കള്‍ അസൂയപ്പെട്ടിട്ടുണ്ട്'-വൈകാരിക കുറിപ്പുമായി സിതാര

കുടുംബത്തെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. അച്ഛനൊപ്പമുള്ള വീഡിയോയ്‌ക്കൊപ്പമാണ് സിതാര സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ജീവിതത്തില്‍ എന്നും അഭിമാനം തോന്നിയിട്ടുള്ളത് കുടുംബത്തെ ഓര്‍ത്താണെന്നും മറ്റൊരു തലമുറയില്‍പെട്ടവരാണ് എന്ന് തോന്നാത്ത വിധത്തില്‍ അത്രയും വിശാലമായ കാഴ്ച്ചപ്പാടുള്ളവരാണ് മാതാപിതാക്കളെന്നും സിതാര കുറിച്ചു.
'ജീവിതത്തില്‍ എനിക്ക് എപ്പോഴെങ്കിലും അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് എന്റെ കുടുംബത്തെ ഓര്‍ത്താണ്. എന്റെ സുഹൃത്തുക്കള്‍ അദ്ഭുതത്തോടെ സംസാരിക്കാറുള്ള എന്റെ മാതാപിതാക്കളെ കുറിച്ചോര്‍ത്താണ്. മറ്റൊരു തലമുറയില്‍പെട്ടവരാണ് എന്ന് തോന്നിക്കാതെ എന്റെ വീടും ചിരിയുമായി മാറിയിട്ടുള്ളവര്‍. ചോദ്യം ചെയ്യാത്ത, മുന്‍വിധികളില്ലാത്ത, വിശാല മനസുള്ള അച്ഛനും അമ്മയും തരുന്ന സ്വാതന്ത്ര്യം കണ്ട് പലപ്പോഴും എന്റെ സുഹൃത്തുക്കള്‍ അസൂയപ്പെട്ടിട്ടുണ്ട്.
സ്‌നേഹത്തില്‍ നിന്നും സൗഹൃദത്തില്‍ നിന്നും രൂപപ്പെട്ടതാണ് എനിക്ക് അവരോടുള്ള ബഹുമാനം. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുള്ളതുപോലെ ഞാന്‍ ഇപ്പോഴും എന്റെ അച്ഛന്റെ തോളില്‍ കൈവെച്ചിരിക്കുന്നു. അതില്‍ എല്ലാമുണ്ട്. എന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലം, എന്റെ ഏറ്റവും വലിയ നിധി, എന്റെ എക്കാലത്തേയും അഭിമാനം.'-സിതാര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തിയ സിതാര മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഒന്നിലധികം തവണ നേടിയിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലും സജീവമായ സിതാര 2017-ല്‍ പ്രൊജക്റ്റ് മലബാറിക്കസ് എന്ന ബാന്റും രൂപീകരിച്ചിട്ടുണ്ട്.
Content Highlights: sithara krishnakumars post about family