'ഈ സാഹചര്യം എന്റെ സത്‌പേരിനെ ബാധിക്കുന്നു'- രണ്ട് ഭാര്യമാരുള്ള വ്യക്തി താനല്ലെന്ന് ഗായകന്‍ അര്‍മാന്‍

ബിഗ് ബോസ് മത്സരാര്‍ഥിയായ യുട്യൂബര്‍ അര്‍മാന്‍ മാലിക്കിനേയും തന്നെയും തമ്മില്‍ പലര്‍ക്കും മാറിപ്പോകുന്നുവെന്നും അയാളാണെന്ന് കരുതി പലരും തന്നെ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നുണ്ടെന്നും ഗായകന്‍ അര്‍മാന്‍ മാലിക്ക്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗായകന്‍ തന്റെ നിസഹായാവസ്ഥ തുറന്നു പറഞ്ഞത്.
'കഴിഞ്ഞ കുറച്ചു കാലമായി ഞാന്‍ ഒരു പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ അത് അവഗണിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം ഗുരുതരമായതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. സന്ദീപ് എന്ന് പേരുള്ള ഒരു യുട്യൂബര്‍ അര്‍മാന്‍ മാലിക്ക് എന്ന പേര് സ്വീകരിച്ചിരുന്നു. അയാള്‍ ബിഗ് ബോസ് ഒടിടി സീസണ്‍ മൂന്നിലെ മത്സരാര്‍ഥിയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പലരും എന്നെ ടാഗ് ചെയ്യുന്നു. അതുകൂടാതെ ഞാനാണെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ആ വ്യക്തിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അയാളുടെ ജീവിതരീതിയെ ഒരു തരത്തിലും അംഗീകരിക്കുന്നുമില്ല. ഈ സാഹചര്യം എന്റെ സത്‌പേരിനെ ബാധിക്കുന്നു. പേര് മാറ്റരുതെന്നോ എന്റെ പേര് സ്വീകരിക്കരുതെന്നോ എനിക്ക് ആവശ്യപ്പെടാന്‍ പറ്റില്ല. ഈ സാഹചര്യം മറികടക്കാന്‍ എല്ലാവരും എന്നെ സഹായിക്കണം. അയാളുമായി ബന്ധപ്പെട്ട പോസ്റ്റില്‍ എന്ന ടാഗ് ചെയ്യുന്നത് ദയവു ചെയ്ത് ഒഴിവാക്കണം.'-ഗായകന്‍ കുറിപ്പില്‍ പറയുന്നു.
ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്ന സന്ദീപെന്ന അര്‍മാന്‍ മാലിക്ക് ഹൈദരാബാദ് സ്വദേശിയാണ്. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള ജീവിതത്തിന്റെ വീഡിയോകളും റീലുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് അര്‍മാന്‍ മാലിക്ക് പ്രശസ്തനായത്. കൃതിക, പായല്‍ എന്നിങ്ങനെയാണ് അര്‍മാന്റെ ഭാര്യമാരുടെ പേരുകള്‍.
Content Highlights: singer armaan malik clarifies he has no connection with big boss contestant armaan malik