ശ്രിയാ ശരണെന്ന പേരില്‍ വ്യാജ ഫോണ്‍ നമ്പറുമായി തട്ടിപ്പ്; പൊട്ടിത്തെറിച്ച് നടി, 'ആരാണ് ഈ വിഡ്ഢി?'

വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നയാള്‍ക്കെതിരെ നടി ശ്രിയാ ശരണ്‍. ഫോണ്‍ നമ്പര്‍ കാണത്തക്കവിധമുള്ള സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് നടി പൊട്ടിത്തെറിച്ചത്. ഇത് താനല്ല എന്ന് വ്യക്തമാക്കിയ താരം തന്റെ പേരുപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണമെന്നും സമയം കളയരുതെന്നും തട്ടിപ്പുകാരനോട് ആവശ്യപ്പെട്ടു.
'ആരാണ് ഈ വിഡ്ഢി? ആരായാലും ആളുകള്‍ക്ക് മെസേജ് അയയ്ക്കുന്നതും സമയം കളയുന്നതും ദയവായി നിര്‍ത്തൂ. നിര്‍ഭാഗ്യവശാല്‍ ഇത് വിചിത്രമാണ്. ആളുകളുടെ സമയം വെറുതെ പാഴാക്കുന്നതില്‍ എനിക്ക് വിഷമം തോന്നുന്നു. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല.' -ശ്രിയാ ശരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഞാന്‍ ആരാധിക്കുന്നവരെയും ഒപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയുമാണ് ഈ വൃത്തികെട്ടവന്‍ സമീപിക്കുന്നത് എന്നതാണ് ഇതിലെ ഒരേയൊരു നല്ലകാര്യം. വളരെ വിചിത്രമാണിത്. എന്തിനാണ് ഇങ്ങനെ ചെയ്ത് സമയം കളയുന്നത്. മറ്റൊരാളുടെ വേഷം കെട്ടി നടക്കാതെ പോയി നന്നായി ജീവിക്കൂ.' -ശ്രിയാ ശരണ്‍ പറഞ്ഞു.
7676361162 എന്ന നമ്പറില്‍ നിന്നാണ് ശ്രിയാ ശരണാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ശ്രിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഞാനാണെന്ന് പറഞ്ഞ് ആരോ വിലസുണ്ടെന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കളില്‍ നിന്ന് കോളുകള്‍ വരുന്നു. ദയവായി ഈ വ്യാജ നമ്പറില്‍ നിന്നുള്ള എല്ലാ തരം ആശയവിനിമയങ്ങളില്‍ നിന്നും അകലം പാലിക്കുക. ഒരു കാരണവശാലും പണം നല്‍കരുത്.' -ഇതാണ് ശ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് ശ്രിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനെതിരെ നിയമപരമായി നീങ്ങണമെന്നാണ് പലരും ശ്രിയയെ ഉപദേശിച്ചത്.
Content Highlights: 'Who is this idiot?': Actress Shriya Saran Blasts Scammer Impersonating Her and Using a Fake Phone Number; Shares Public Warning