'യഥാര്‍ഥ ജീവിതത്തിലും ഞാന്‍ ദൃശ്യത്തിലെ കഥാപാത്രം പോലെയായിരിക്കുമെന്ന് കരുതി ഭര്‍ത്താവ് പേടിച്ചു'

2018-ലാണ് നടി ശ്രിയ ശരണും റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രി കൊസ്ചീവും വിവാഹിതരായത്. മാലദ്വീപില്‍ വെച്ചാണ് ആന്‍ഡ്രിയെ ശ്രിയ ആദ്യമായി കാണുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും ദൃശ്യം എന്ന ചിത്രം റിലീസ് ചെയ്തശേഷം പ്രണയം തുടങ്ങുകയുമായിരുന്നു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യിലാണ് പ്രണയകാലത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ശ്രിയ മനസ് തുറന്നത്.
'ഡൈവിങ്ങിനായി പോകാന്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. ഏപ്രിലിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഞാന്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്തത് തെറ്റിപ്പോയി. അങ്ങനെ മാര്‍ച്ചില്‍ മാലദ്വീപിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചെന്ന് മനസിലായത്. ഞാന്‍ തനിച്ചാണുണ്ടായിരുന്നത്. അന്ന് വൈകുന്നേരം ഒരു പായ്ക്കപ്പല്‍ യാത്രയുള്ളത് അറിഞ്ഞു. അതില്‍ ഒരു ഡൈവിങ് ബോട്ടുമുണ്ടായിരുന്നു. അതിനാല്‍ ഞാനും അവരോടൊപ്പം പോയി.
അന്ന് മനോഹരമായ ഒരു സൂര്യാസ്തമയം ഞാന്‍ കണ്ടു. ആരേയും പരിചയമില്ലാത്തതിനാലും ഒറ്റയ്ക്ക് ആയതിനാലും പേടിച്ച് ഡെക്കില്‍ നില്‍ക്കുകയായിരുന്നു. വെറുതെ തിരിഞ്ഞുനോക്കിയപ്പോഴാണ് പിന്നില്‍ നില്‍ക്കുന്ന ആന്‍ഡ്രിയെ കണ്ടത്. ആ സൂര്യാസ്തമയത്തിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഡൈവിങ്ങിന് പോകുകയും കുറേ നേരം സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നീടാണ് ഞാന്‍ അഭിനയിച്ച ദൃശ്യം സിനിമ റിലീസ് ആയത്. അദ്ദേഹം ആ ചിത്രം കണ്ടു. യഥാര്‍ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയായിരിക്കുമോ എന്നോര്‍ത്ത് അദ്ദേഹം വല്ലാതെ ഭയപ്പെട്ടു. അതിനെ കുറിച്ച് സംസാരിക്കുകയും ശേഷം പ്രണയത്തിലാകുകയുമായിരുന്നു.' ശ്രിയ പറയുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുശേഷം ശ്രിയ കുഞ്ഞിന് ജന്മം നല്‍കി. രാധാ ശരണ്‍ കൊസ്ചീവ് എന്നാണ് മകളുടെ പേര്. വിവാഹത്തിനുശേഷം ബാഴ്‌സലണോയിലായിരുന്നു ശ്രിയയും ആന്‍ഡ്രിയും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. മകള്‍ ജനിച്ചശേഷം 2021-ല്‍ ഇരുവരും മുംബൈയില്‍ പുതിയ വീടെടുക്കയും അവിടേക്ക് താമസം മാറുകയും ചെയ്തു.
Content Highlights: shriya saran reveals husband andrei was scared of her after watching drishyam