മമ്മയ്ക്ക് ഓഫീസില്‍ പോകണമെന്ന് ഞാന്‍ എന്റെ മക്കളോട് പറയും-മാതൃത്വത്തേയും കരിയറിനേയും കുറിച്ച് ശ്ലോക

മാതൃത്വത്തേയും തൊഴിലിനേയും ജീവിതലക്ഷ്യത്തേയും കുറിച്ച് മനസ് തുറന്ന് മുകേഷ് അംബാനിയുടെ മരുമകളും ആകാശ് അംബാനിയുടെ ഭാര്യയുമായ ശ്ലോക മെഹ്ത. ഇവ മൂന്നിനേയും സന്തുലിതമാക്കുന്നതിനെ കുറിച്ചാണ് ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ മസൂം മിനവാലയുടെ പോഡ്കാസ്റ്റില്‍ ശ്ലോക സംസാരിച്ചത്.
അമ്മ ഓഫീസില്‍ പോകുന്നതും നിങ്ങള്‍ സ്‌കൂളില്‍ പോകുന്നതുമെല്ലാം നമ്മളെത്തന്നെ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാനാണെന്ന് താന്‍ കുട്ടികളോട് പറയാറുണ്ടെന്നും ശ്ലോക വ്യക്തമാക്കുന്നു. ഇത് തന്റെ ജീവിതലക്ഷ്യത്തിന് ആഴം നല്‍കിയെന്നും അവര്‍ പറയുന്നു. കുടുംബാംഗങ്ങളുടെ പിന്തുണയില്ലാതെ ഒരു അമ്മയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നാം നമ്മെ വിശ്വസിച്ചതുപോലെ നമ്മുടെ കുടുംബാംഗങ്ങളും വിശ്വസിക്കണമെന്നും മുന്നോട്ടുള്ള യാത്രയെ അത് എളുപ്പമാക്കുമെന്നും ശ്ലോക കൂട്ടിച്ചേര്‍ക്കുന്നു.
'നിങ്ങള്‍ പൂര്‍ണമായി വിലമതിക്കുന്ന ഒരാളെ സ്വാധീനിക്കാന്‍ പോകുന്ന ഒന്നാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ പാരമ്പര്യം അതാണെന്ന് ഞാന്‍ കരുതുന്നു.'-ശ്ലോക പറയുന്നു. ഇന്ത്യയിലെ സന്നദ്ധപ്രവര്‍ത്തകരെയും സന്നദ്ധ സംഘടനകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പ്ലാറ്റ്ഫോമായ കണക്ട്ഫോറിന്റെ സഹസ്ഥാപക എന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ചും ശ്ലോക സംസാരിച്ചു.
'എല്ലാ തൊഴിലുകളും അംഗീകരിക്കപ്പെടേണ്ടതാണെന്ന് അവര്‍ അറിയണം. സമയമെടുത്തേക്കാവുന്ന, ഒരുപക്ഷേ മെല്ലെയുള്ള തുടക്കമെന്ന് തോന്നുന്ന ഒരു കാര്യം ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ നിങ്ങള്‍ എല്ലാ ദിവസവും മുന്നോട്ട് പോകണം. മൂല്യമുള്ള എന്തെങ്കിലും നിങ്ങള്‍ കെട്ടിപ്പടുക്കുകയാണെന്ന് വിശ്വസിക്കുകയും വേണം.'-ശ്ലോക പോഡ്കാസ്റ്റില്‍ പറയുന്നു.
Content Highlights: shloka ambani gets candid on career ambition and motherhood