'വഞ്ചനാ കേസിന് പിന്നില്‍ പണം തട്ടാനുള്ള ശ്രമം; റദ്ദാക്കണം'; കോടതിയെ സമീപിച്ച് ശില്‍പ ഷെട്ടിയും ഭര്‍ത്താവും

മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറും അന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും. 60 കോടി രൂപയുടെ വഞ്ചനാ കേസാണ് താരത്തിനും വ്യവസായിയായ ഭര്‍ത്താവിനും എതിരെയുള്ളത്.
പ്രതികാരം ചെയ്യാനും വലിയൊരു തുക തട്ടിയെടുക്കാനുമുള്ള ഗൂഢവും ദുരുദ്ദേശപരവുമായ ലക്ഷ്യത്തോടെയാണ് ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതെന്ന് അഭിഭാഷകന്‍ പ്രശാന്ത് പി പാട്ടീല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ദമ്പതിമാര്‍ വാദിക്കുന്നു.
ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:
2014 ഡിസംബര്‍ 18-ന് ദമ്പതികള്‍ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഹോം ഷോപ്പിംഗ് ടെലിവിഷന്‍ ചാനല്‍ വഴി വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതിലായിരുന്നു കമ്പനി ഏര്‍പ്പെട്ടിരുന്നത്.
2015-ല്‍, ഓഹരിയുടമയായ രാജേഷ് ആര്യ വഴിയാണ് ദമ്പതികള്‍ നിലവില്‍ പരാതിക്കാരനായ വ്യവസായി ദീപക് കോത്താരിയെ പരിചയപ്പെടുന്നത്. ഓഹരി-സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ കോത്താരി സമ്മതിക്കുകയും പിന്നീട് അദ്ദേഹം ഓഹരി വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
സെലിബ്രിറ്റികളെ ആശ്രയിച്ചുള്ളതും പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍മുടക്ക് ആവശ്യമുള്ളതുമായ സംരംഭമായതിനാല്‍ കമ്പനിക്ക് കാര്യമായ ഭരണപരവും പ്രവര്‍ത്തനപരവുമായ ചെലവുകളുണ്ടായിരുന്നു. കമ്പനിയുടെ വില്‍പ്പനയുടെ വലിയൊരു ഭാഗവും ക്യാഷ് ഓണ്‍ ഡെലിവറി (സിഒഡി) രീതിയെ ആശ്രയിച്ചായിരുന്നു. എല്ലാ ചെലവുകളും ബോര്‍ഡ്, ഷെയര്‍ഹോള്‍ഡര്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മിനിറ്റ്‌സ് രേഖപ്പെടുത്തുകയും യോഗത്തില്‍ പങ്കെടുത്ത ഡയറക്ടര്‍മാരും ഓഹരിയുടമകളും ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. കോത്താരിയുടെ മകന്‍ ഉദയ് കോത്താരിയെ ഡയറക്ടറായി നിയമിച്ചിരുന്നുവെന്നും അദ്ദേഹം എല്ലാ യോഗങ്ങളിലും പങ്കെടുത്തതിനാല്‍ കമ്പനിയുടെ കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായി ബോധവാനായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
നോട്ട് നിരോധനം ബിസിനസിനെ ബാധിച്ചെന്ന് ദമ്പതിമാര്‍
കമ്പനി ലാഭത്തിലേക്ക് നീങ്ങുന്നതിനിടെയാണ് 2016 നവംബറില്‍ നോട്ടുനിരോധനം വരുന്നത്. സിഒഡി പേയ്മെന്റുകളെ വളരെയധികം ആശ്രയിച്ചിരുന്ന ബിസിനസിനെ ഇത് സാരമായി ബാധിച്ചു. തുടര്‍ന്നുണ്ടായ പണഞെരുക്കം കമ്പനിക്കും നിരവധി വിതരണക്കാര്‍ക്കും കടക്കാര്‍ക്കും വലിയ നഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കി. അവരില്‍ ചിലര്‍ പാപ്പരായി. തങ്ങള്‍ക്കും കാര്യമായ നഷ്ടങ്ങളുണ്ടായെന്നും എല്ലാ നിക്ഷേപങ്ങളും നഷ്ടപ്പെട്ടുവെന്നും ദമ്പതിമാര്‍ ഹര്‍ജിയില്‍ അവകാശപ്പെടുന്നു.
ആ സാഹചര്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും കോത്താരിയും കുടുംബവും ദമ്പതിമാരെ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം തങ്ങളുടെ പ്രതിച്ഛായയും സല്‍പ്പേരും കളങ്കപ്പെടുത്തി നിക്ഷേപം തിരികെ നല്‍കാന്‍ നിര്‍ബന്ധിക്കാനും വേണ്ടിയാണ് കേസ് ഫയല്‍ ചെയ്തത്.
മുംബൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ഉത്തരവുകള്‍ ഉള്‍പ്പെടെയുള്ള രേഖാമൂലമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ കോത്താരി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണെന്നും ദമ്പതിമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട് ഇഒഡബ്ല്യു തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍ഒസി) പുറപ്പെടുവിച്ചതിനാല്‍ അടുത്തിടെ വിദേശയാത്ര നടത്താന്‍ കഴിഞ്ഞില്ലെന്നും ദമ്പതികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസ് നവംബര്‍ 20-ന് വാദം കേള്‍ക്കും.
Content Highlights: Shilpa Shetty & Raj Kundra petition Bombay HC to quash Rs 60 crore cheating FIR. Couple alleges malicious intent and extortion. Hearing on Nov 20.