പട്ടികള്‍ക്കും ജാന്‍വിക്കുമൊപ്പം ചിത്രം, കമന്റില്‍ ജാതി അധിക്ഷേപം; ചുട്ട മറുപടിയുമായി കാമുകന്‍ ശിഖർ

ശിഖര്‍ പഹാരിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: Instagram/ Shikhar Pahariya
ശിഖര്‍ പഹാരിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: Instagram/ Shikhar Pahariya

ജാതി അധിക്ഷേപത്തിന് കടുത്ത മറുപടിയുമായി ജാന്‍വി കപൂറിന്റെ കാമുകന്‍ ശിഖര്‍ പഹാരിയ. കഴിഞ്ഞവര്‍ഷം പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന അധിക്ഷേപ കമന്റിനാണ് ശിഖര്‍ കടുത്ത ഭാഷയില്‍ മറുപടിയുമായി എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ചിത്രത്തിന് താഴെയാണ് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് അധിക്ഷേപ കമന്റ് വന്നത്.

'ഭഗവാന്‍ ശ്രീരാമന്റെ വരവ്, ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരുവര്‍ഷം കൊണ്ടുവരട്ടെ. തിന്മയ്ക്കുമേല്‍ നന്മവിജയിക്കട്ടെ. എപ്പോഴും നീതിയുടെ പാത തിരഞ്ഞെടുക്കാനുള്ള ശക്തിയും അറിവും ഉണ്ടാവട്ടെ. ആര്‍ക്കാണോ ആവശ്യമുള്ളത്, അവരെ സഹായിക്കാനും ഉയര്‍ത്താനും സംരക്ഷിക്കാനും കഴിവുള്ളവര്‍ ഭാഗ്യവാന്മാര്‍. ഈ അനുഗ്രഹത്തെ തിരിച്ചറിഞ്ഞ് നന്ദിപൂര്‍വം ജീവിക്കാം', എന്നായിരുന്നു ചിത്രത്തിനൊപ്പം ശിഖര്‍ പങ്കുവെച്ച കുറിപ്പ്.

ദീപാവലിയ്ക്ക് ജാന്‍വിക്കും വളര്‍ത്തുപട്ടികള്‍ക്കുമൊപ്പമുള്ള ചിത്രമാണ് ശിഖര്‍ പഹാരിയ പങ്കുവെച്ചത്. ഇതിനെ താഴെ 'പക്ഷേ, നിങ്ങള്‍ ദളിതാണ്', എന്നായിരുന്നു കമന്റ്.

2025-ലും ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ള ആളുകള്‍ ഉണ്ടെന്നത് ദയനീയമാണ് എന്നായിരുന്നു ശിഖറിന്റെ മറുപടി. 'പ്രകാശത്തിന്റേയും പുരോഗതിയുടേയും ഐക്യത്തിന്റേയും ഉത്സവമാണ് ദീപാവലി. ഇവയെല്ലാം നിങ്ങളുടെ ഇടുങ്ങിയ ചിന്താശേഷിക്കും അപ്പുറത്തുള്ള ആശയങ്ങളാണ്. വൈവിധ്യവും ചേര്‍ത്തുപിടിക്കലുമാണ് എല്ലാകാലത്തും ഇന്ത്യയുടെ ശക്തി. അത് നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല. അജ്ഞത പ്രചരിപ്പിക്കുന്നതിനുപകരം, നിങ്ങള്‍ സ്വയം വിദ്യാഭ്യാസം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കാരണം ഇപ്പോള്‍, ഇവിടെ യഥാര്‍ത്ഥത്തില്‍ 'തൊട്ടുകൂടാത്ത' ഒരേയൊരു കാര്യം നിങ്ങളുടെ ചിന്താശേഷിമാത്രമാണ്', ശിഖര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്ദേയുടെ കൊച്ചുമകനാണ് ശിഖര്‍ പഹാരിയ. അമ്മ ശ്രുതി ഷിന്ദേ നടിയാണ്. ജ്യേഷ്ഠന്‍ വീര്‍ പഹാരിയ അക്ഷയ് കുമാര്‍ നായകനായ സ്‌കൈ ഫോഴ്‌സില്‍ വേഷമിട്ടിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ജാന്‍വിയും ശിഖറും ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പൊതുചടങ്ങുകളിലടക്കം ഇരുവരും ഒന്നിച്ചാണ് എത്താറുള്ളത്. ശിഖറിനെ തനിക്ക് ഇഷ്ടമാണെന്നും തങ്ങളുടെ കുടുംബത്തിലേക്ക് ശിഖര്‍ വന്നത് അനുഗ്രഹമാണെന്നും ജാന്‍വിയുടെ പിതാവ് ബോണി കപൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Content Highlights: Janhvi Kapoor`s boyfriend Shikhar Pahariya slams a casteist comment on a Diwali picture