വീണ്ടും പ്രണയത്തില്‍? ശിഖര്‍ ധവാനോടൊപ്പം കണ്ട സുന്ദരിയെ തിരഞ്ഞ് പാപ്പരാസികള്‍

എട്ടുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യയും ബോക്സറുമായ അയേഷ മുഖർജിയും 2023-ൽ വിവാഹമോചിതരായത്. ഇപ്പോഴിതാ ശിഖർ ധവാൻ വീണ്ടും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശിഖര്‍ ധവാനൊപ്പം പൊതുപരിപാടികളിൽ അടുത്തിടെയായി ഒരു യുവതി സ്ഥിരംസാന്നിധ്യമാണ്. ഇതാണ് താരം പ്രണയത്തിലാണെന്ന വാർത്തകൾക്ക് പിന്നിൽ. എന്നാൽ കൂടെയുള്ളതാരാണെന്നുള്ള വിവരങ്ങള്‍ ശിഖര്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- ബംഗ്ലാദേശ് മത്സരം കാണാന്‍ എത്തിയ ശിഖറിന്റെയും യുവതിയുടെയും ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ക്യാമറ ഇരുവരെയും ഫോക്കസ് ചെയ്തപ്പോള്‍ ക്യാമറയില്‍ നിന്ന് ഒഴിഞ്ഞ് മാറാനായി സുഹൃത്ത് ഫോണ്‍ നോക്കി ഇരിക്കുകയായിരുന്നു. വീണ്ടും ക്യാമറ ഇരുവരെയും ഫോക്കസ് ചെയ്തപ്പോള്‍ ശിഖര്‍ അസ്വസ്ഥനായി ക്യാമറയെ തന്നെ രൂക്ഷമായി നോക്കി.
കഴിഞ്ഞ നവംബറില്‍ ശിഖറിനെയും കൂട്ടുകാരിയെയും എയര്‍പോര്‍ട്ടില്‍ വെച്ച് പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. അന്ന് മാധ്യമങ്ങള്‍ക്ക് ശിഖര്‍ മറുപടി പറയുമ്പോള്‍ ഒതുങ്ങി മാറി നില്‍ക്കുകയായിരുന്നു സുഹൃത്ത്.
കഴിഞ്ഞ വര്‍ഷമാണ് ശിഖര്‍ ധവാന് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. മുന്‍ ഭാര്യ അയേഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ മകന്‍ സൊരാവറിന്റെ സംരക്ഷണവും ധവാന് നഷ്ടമായിരുന്നു. എന്നാല്‍ മകനെ കാണാനും വീഡിയോകോളിലൂടെയും മറ്റും ബന്ധപ്പെടാനുമുള്ള അനുമതി കോടതി നല്‍കിയിരുന്നു. മകനെ കണ്ടിട്ട് രണ്ടുവര്‍ഷമായെന്നും ബ്ലോക്ക് ചെയ്തെങ്കിലും എല്ലായ്പ്പോഴും സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ധവാന്‍ ഒരിക്കല്‍ എ.എന്‍.ഐ പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു
എന്റെ മകനെ കണ്ടിട്ട് രണ്ടുവര്‍ഷമായി. അവസാനമായി ഒന്നുസംസാരിച്ചിട്ട് ഒരു കൊല്ലവും. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. അവനെ മിസ് ചെയ്യാറുണ്ട്. മകനിപ്പോള്‍ പതിനൊന്ന് വയസായെങ്കിലും രണ്ടരക്കൊല്ലം മാത്രമേ ഞാന്‍ അവന്റെ കൂടെയുണ്ടായിരുന്നുള്ളൂ.- എ.എന്‍.ഐ പോഡ്കാസ്റ്റില്‍ ധവാന്‍ പറഞ്ഞു.
ഞാന്‍ അവനുമായി ദിനംപ്രതി സംസാരിക്കാറും കെട്ടിപ്പിടിക്കാറുമുണ്ട്. എല്ലാം ധ്യാനത്തിലൂടെ ആത്മീയമായ വഴിയിലൂടെയാണ്. ഇങ്ങനെ മാത്രമേ മകനെ തിരിച്ചുകൊണ്ടുവരാനാകൂ. ഞാന്‍ സങ്കടപ്പെട്ടിരിക്കുന്നത് ഇതിന് പരിഹാരമാകില്ലല്ലോ. ധ്യാനത്തിലിരിക്കുമ്പോള്‍ മകനോട് സംസാരിക്കുന്നതായും കെട്ടിപ്പിടിക്കുന്നതായും ഒപ്പം കളിക്കുന്നതായും എനിക്ക് തോന്നാറുണ്ട്. - ധവാന്‍ പറഞ്ഞു.
Content Highlights: Shikhar Dhawan Spotted With A Mystery Girl