ജന്മദിനത്തിൽ മനസ്സ് ശാന്തമാകാൻ പോട്ടറി, ദേഷ്യംതീർക്കാൻ റേജ് റൂം; പുരുഷാധിപത്യം തകരട്ടെയെന്ന് ശാന്തി

ജീവിതത്തിലെ ചെറിയ സന്തോഷങ്ങളുടെ ആകെ തുകയാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റെ ഇൻസ്റ്റഗ്രാം ഫീഡ്. ലോക ചാപ്റ്റർ വൺ ചന്ദ്രയുടെ അത്ഭുതകരമായ വിജയത്തിനു പിന്നാലെ ഏറെ പ്രചോദനമേകുന്ന ശാന്തിയുടെ അക്കാദമിക് ജീവിതമുൾപ്പടെ ശ്രദ്ധിക്കപ്പെട്ടത് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. ഉയർച്ചതാഴ്ച്ചകളിൽ കൂടെ നിന്ന അച്ഛനേയും അമ്മയേയും കുറിച്ചും അടുത്ത സുഹൃത്തുക്കളേക്കുറിച്ചും ശാന്തി ചെറുകുറിപ്പുകൾ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഭാഗ്യവതിയായ മകൾ; ലോകയുടെ വിജയത്തിൽ മാതാപിതാക്കളെക്കുറിച്ച് വൈകാരിക കുറിപ്പുമായി ശാന്തി ബാലചന്ദ്രൻ
തന്റെ ജനനത്തോടെ അച്ഛനും അമ്മയും മാതാപിതാക്കളായതിന്റെ വാർഷികം കൂടിയായാണ് ബർത്ത് ഡേ കണക്കാക്കുന്നതെന്ന് ശാന്തി കുറിച്ചു. സ്നേഹിക്കാൻ എന്നും പുതിയ വഴികൾ കണ്ടെത്തുന്ന പ്രിയപ്പെട്ടവർക്കായി ദിനം മാറ്റിവെക്കുന്നുവെന്നും ഒപ്പം രണ്ട് വർഷം മുൻപ് ഇതേ ദിവസം ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണെന്നും കുറിപ്പിൽ പറയുന്നു. അച്ഛനില്ലാതെ താൻ പാതിവഴിയിൽ വഴിതെറ്റിപ്പോകുമായിരുന്നു എന്ന് ശാന്തി കുറിച്ചു.
സന്തോഷങ്ങളും സങ്കടങ്ങളും ഒരുപോലെ നിറഞ്ഞ ഒരു വർഷത്തിനൊടുവിൽ പുതിയ വയസ്സിലേക്ക് കടക്കുമ്പോൾ ജീവിതത്തിലെ വൈരുധ്യങ്ങളെ ഒരുപോലെ ചേർത്തുപിടിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ജീവിതത്തെ നിർണ്ണയിക്കുന്ന രണ്ട് തരം കാര്യങ്ങളിലാണ് ശാന്തി ജന്മദിനം ചെലവഴിച്ചത്. ഉത്ഭവവും നാശവും ( കൺസ്ട്രക്ഷൻ ആൻ്റ് ഡിസ്ട്രക്ഷൻ). പോട്ടറി വർക്ക്ഷോപ്പിൽ പങ്കെടുത്തുകൊണ്ട് കളിമണ്ണിൽ രൂപങ്ങൾ തീർത്തപ്പോൾ മനസ്സ് ശാന്തമായെന്നും ഒരു തുടക്കകാരിയെപ്പോലെ തെറ്റുകളെ ഭയക്കാതെയുള്ള കളിമണ്ണുകൊണ്ടുള്ള പരീക്ഷണങ്ങൾ വലിയൊരു ആനന്ദമായിരുന്നുവെന്നും താരം പങ്കുവെക്കുന്നു.
എന്നാൽ ആഘോഷത്തിന്റെ രണ്ടാം ഭാഗം ഇതിന് നേർവിപരീതമായി ഒരു റേജ് റൂമിലായിരുന്നു. സാധനങ്ങൾ വലിച്ചെറിഞ്ഞും പൊട്ടിച്ചും ഉത്കണ്ഠയും ദേഷ്യവും തീർക്കാനാകുന്ന ഇടമാണ് റേജ് റൂം. സുരക്ഷാ മാനദണ്ഡങ്ങളൊക്കെ പരിഗണിച്ചാണ് ഈ ഇടം തയ്യാറാക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഗ്ലാസുകൾ തുടങ്ങി പല സാധനങ്ങളും ഈ റൂമിനുള്ളിൽ ഒരുക്കിയിട്ടുണ്ടാകും. സംഗീതത്തിനൊപ്പം ആയുധങ്ങളേന്തി ഉള്ളിലെ അമർഷങ്ങൾ പുറത്തുവിടുന്നത് സ്വതന്ത്യം കിട്ടുന്നതിനു തുല്യമായി വികാരമായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. വസ്തുക്കൾ തകർക്കുക, ഒപ്പം പുരുഷാധിപത്യത്തെയും എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. ദേഷ്യം പ്രകടിപ്പിക്കാൻ സുരക്ഷിതമായ വഴികൾ കണ്ടെത്തുന്നത് സ്വയം പരിരക്ഷയുടെ ഭാഗമാണെന്നും ശാന്തി ഓർമ്മിപ്പിക്കുന്നു.
ഉറ്റ സുഹൃത്തുക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന മറ്റൊരു ബർത്ത്ഡേ പോസ്റ്റും ശാന്തി പങ്കുവെച്ചു. ഡൊമിനിക് അരുൺ, അഹാന കൃഷ്ണ, നിമിഷ് രവി എന്നീ കൂട്ടുകെട്ടിനാണ് ശാന്തിയുടെ നന്ദി പ്രകടനം.
Content Highlights: Shanthi Balachandran shares a heartfelt tribute to her parents on her birthday., Reflects on her father's successful heart surgery two years ago., Celebrates life through contrasting activities: pottery (creation) and a rage room (destruction).