'ഭർത്താവ് പ്രണയം തുറന്നുപറഞ്ഞപ്പോൾ സമ്മാനിച്ച ഗൗൺ'- വീണ്ടും അമ്മായാകാനൊരുങ്ങി ഷംന കാസിം

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി ഷംന കാസിമും ഭർത്താവ് ഷാനിദും. കഴിഞ്ഞ ദിവസം ഷംനയുടെ ബേബി ഷവർ ആഘോഷമായി നടത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഇതിനോട് അനുബന്ധിച്ച നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഷംന ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഭർത്താവ് ഷാനിദ് തന്നോട് ആദ്യമായി പ്രണയം തുറന്നുപറഞ്ഞ ദിവസം സമ്മാനിച്ച ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് അവർ പോസ്റ്റ് ചെയ്തത്. വർഷങ്ങളോളം അലമാരയിൽ സൂക്ഷിച്ചുവെച്ച ഈ ഗൗണിന് ഒരുപാട് കഥകൾ പറയാനുണ്ടെന്നും അവർ കുറിച്ചു.

'അദ്ദേഹം ആദ്യമായി 'ഐ ലവ് യു' എന്ന് പറഞ്ഞതിന്റെ ഓർമയ്ക്കായി സമ്മാനിച്ച ഗൗൺ. വർഷങ്ങളോളം അത് അലമാരയിൽ ആഘോഷങ്ങൾക്കായി കാത്തിരുന്നു. ഇന്ന് എന്റെ മാതൃത്വത്തിന്റെ ആഘോഷവേളയിൽ അത് വീണ്ടും പുഞ്ചിരിച്ചു. എന്റെ പ്രിയപ്പെട്ട ഭർത്താവിന്, എന്റെ കൈകൾ ചേർത്തുപിടിച്ച് ഈ ദിവസത്തെ ഒരു സ്വപ്‌നത്തേക്കാൾ മനോഹരമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും. എന്റെ ഡാൻസ് സ്‌കൂളിലെ പ്രിയപ്പെട്ട മക്കൾക്ക്, ഓരോ ചുവടിലും സന്തോഷം പകർന്നു നൽകുന്ന നിങ്ങളിൽ എന്റെ അഭിമാനവും സന്തോഷവും ഞാൻ തൊട്ടറിയുന്നു. ഈ ദിവസം എന്റെ ഓർമകളിൽ എന്നും പൂത്തുനിൽക്കുന്ന പൂക്കളായി മാറട്ടെ'-ഷംന കാസിം കുറിച്ചു.

2022-ലാണ് ഷംനയും ദുബായിലെ ബിസിനസുകാരനായ ഷാനിദ് ആസിഫലിയും വിവാഹിതരായത്. തൊട്ടടുത്ത വർഷം ഇരുവരും ആദ്യത്തെ കുഞ്ഞിനെ ജീവിതത്തിലേക്ക് വരവേറ്റു. രണ്ടര വയസുള്ള മകന്റെ പേര് ഹംദാൻ ആസിഫ് അലി എന്നാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്.

Content Highlights: shamna kasim baby shower party