പുലര്‍ച്ചെ മൂന്നുമണിക്ക് അഹമ്മദാബാദ് നഗരത്തിലിറങ്ങി ഷാരൂഖ് ഖാന്‍; ആവേശത്തോടെ വരവേറ്റ് ആരാധകര്‍ | വീഡിയോ

#Lifestyle Desk
അഹമ്മദാബാദിലെ തെരുവിൽ ഷാരൂഖ് ഖാൻ എത്തിയപ്പോൾ | Photos: Screen grabs from x.com/TeamSRKWarriors
അഹമ്മദാബാദിലെ തെരുവിൽ ഷാരൂഖ് ഖാൻ എത്തിയപ്പോൾ | Photos: Screen grabs from x.com/TeamSRKWarriors

ബോളിവുഡിന്റെ താരരാജാവായ ഷാരൂഖ് ഖാന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇത് ഏതെങ്കിലും സിനിമയിലെ രംഗമോ സ്‌റ്റേജ് ഷോയോ ഒന്നുമല്ല, മറിച്ച് താരം  അഹമ്മദാബാദിന്റെ തെരുവിൽ ഇറങ്ങിയതിന്റേതാണ. അതും പുലര്‍ച്ചെ മൂന്നുമണിക്ക്.

ഫിലിം ഫെയര്‍ അവാര്‍ഡ് നിശയ്ക്കായാണ് ശനിയാഴ്ച വൈകീട്ട് ഷാരൂഖ് ഖാന്‍ അഹമ്മദാബാദില്‍ എത്തിയത്. പരിപാടിയുടെ അവതാരകനായ ഷാരൂഖ് തന്റെ ചുമതല പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് നഗരത്തിൽ ഇറങ്ങിയത്. പുലര്‍ച്ചെ മൂന്നു മണിയായിട്ട് പോലും വലിയ ജനക്കൂട്ടമാണ് പ്രിയതാരത്തെ കാണാനായി തടിച്ചുകൂടിയത്.

വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ടും ഡെനിംസുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. കാറിന്റെ വക്കില്‍ ചവിട്ടി വാതിലില്‍ പിടിച്ചുകൊണ്ടാണ് അദ്ദേഹം നിന്നത്. കാറിന് ചുറ്റുംകൂടിയ നൂറുകണക്കിന് ആരാധകരെ നോക്കി പുഞ്ചിരിക്കാനും കൈവീശിക്കാണിക്കാനും ഫ്‌ളൈയങ് കിസ് നല്‍കാനുമൊന്നും അദ്ദേഹം മറന്നില്ല. ആവേശഭരിതരായ ആരാധകര്‍ താരത്തിന്റെ പേര് ഉറക്കെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു. തനിക്കടുത്തുള്ള ചില ആരാധകര്‍ക്ക് ഷാരൂഖ് കൈകൊടുക്കുകയും ചെയ്തു.

വലിയ സ്വീകാര്യതയാണ് ഷാരൂഖ് ഖാന്റെ അഹമ്മദാബാദിലെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 'അവാര്‍ഡ് നിശ കഴിഞ്ഞ് ഇത്ര വൈകിയും അദ്ദേഹത്തെ കാണാനായി ഇത്രയും പേര്‍ കാത്തുനില്‍ക്കുന്നു. ഇതാണ് യഥാര്‍ഥ സ്‌നേഹം' -ഒരാള്‍ കമന്റ് ചെയ്തു. 'ഹൃദയങ്ങളുടെ രാജാവ്' എന്ന് മറ്റൊരാള്‍ കുറിച്ചു.

Content Highlights: Shah Rukh Khan greeted sea of fans on Ahmedabad streets at 3 am | Watch viral video