'അമ്മ കാരണമാണ് പത്ത് പേര്‍ ഇന്ന് അന്‍ഷിതയെ അറിയുന്നത്, ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നു'

അന്‍ഷിതയും അര്‍ണവും/ അന്‍ഷിത | Photo: instagram/ anshitha
അന്‍ഷിതയും അര്‍ണവും/ അന്‍ഷിത | Photo: instagram/ anshitha

താരദമ്പതികളായ ദിവ്യ ശ്രീധറും അര്‍ണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തമിഴ് സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അര്‍ണവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യ രംഗത്തെത്തിയിരുന്നു.  ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയെല്ലാമായിരുന്നു ദിവ്യ അര്‍ണവിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍. സീരിയയില്‍ കൂടെ അഭിനയിക്കുന്ന അന്‍ഷിത അക്ബര്‍ ഷായുമായി അര്‍ണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാന്‍ അര്‍ണവ് പദ്ധതിയിടുന്നുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു. 

എന്നാല്‍ ഇതെല്ലാം നിഷേധിച്ച് അര്‍ണവും അന്‍ഷിതയും രംഗത്തെത്തിയിരുന്നു. ആദ്യ വിവാഹത്തിലെ ബന്ധത്തില്‍ മകളുള്ള കാര്യം മറച്ചുവെച്ചാണ് ദിവ്യ തന്നെ വിവാഹം ചെയ്തത് എന്നായിരുന്നു അര്‍ണവ് വ്യക്തമാക്കിയത്. തന്റെ നിശബ്ദത വിഡ്ഢിത്തം തുടരാനുള്ള അനുവാദമല്ലെന്നും പ്രതികരിക്കുമ്പോള്‍ അത് വ്യക്തവും ശക്തവുമായിരിക്കണം എന്നുമായിരുന്നു അന്‍ഷിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. താനും അര്‍ണവും സുഹൃത്തുക്കള്‍ മാത്രമാണെന്നും അന്‍ഷിത വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ അര്‍ണവും അന്‍ഷിതയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരും റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ തമിഴ് പതിപ്പില്‍ മത്സരാര്‍ഥികളായി എത്തിയിരിക്കുകയാണ്. ഇതിന് മുന്നോടിയായി താന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അന്‍ഷിത.

ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും സുഹൃത്തുക്കളില്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാകില്ലെന്നും അന്‍ഷിത പറയുന്നു. 'ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്നെ ചെല്ലമ്മയായിട്ടാകും അറിയുക. എന്നാല്‍ അന്‍ഷിതയെ പലര്‍ക്കും അറിയില്ല. അന്‍ഷിതയെ നിങ്ങള്‍ക്ക് എങ്ങനെ ഇഷ്ടപ്പെടും എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ ജീവിതത്തിലെ എല്ലാ യാത്രയും പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന വ്യക്തിയാണ് ഞാന്‍. അതുപോലെ ജീവിതത്തില്‍ ഒരു പുതിയ യാത്രം ആരംഭിക്കുകയാണ്. 

എന്റെ അമ്മയാണ് എന്റെ എല്ലാം. അവര്‍ കാരണമാണ് കുറച്ചു പേരെങ്കിലും അന്‍ഷിതയെ അറിയുന്നത്. എന്റെ ചെറിയ പ്രായത്തില്‍തന്നെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നു. അന്ന് മുതല്‍ എന്നെ വളര്‍ത്തിയത് അമ്മയാണ്. ചേട്ടനും അമ്മയും ഞാനും അമ്മമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. അവരും സുഹൃത്തുക്കളുമാണ് എന്റെ ലോകം. ഞാന്‍ ഇന്ന് ജീവനോടെയിരിക്കാന്‍ കാരണം സുഹൃത്തുക്കളാണ്. എനിക്കിപ്പോള്‍ 27 വയസ്സായി. ഇതിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം പുറത്തുകടന്നത് സുഹൃത്തുക്കളുടെ സഹായത്തോടെയാണ്.'- അന്‍ഷിത പറയുന്നു.

മലയാളം, തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അന്‍ഷിത. ചെല്ലമ്മ എന്ന തമിഴ് സീരിയലിലാണ് അന്‍ഷിതയും അര്‍ണവും ഒന്നിച്ച് അഭിനയിച്ചത്. ചെല്ലമ്മയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും റീലുകളുമെല്ലാം ഇരുവരും പങ്കുവെയ്ക്കാറുണ്ട്. അര്‍ണവിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ അന്‍ഷിത നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. 


 

Content Highlights: serial actress anshitha akbarsha talks about life and big boss