ഇത് ജോണിന്റേയും ലൂസമ്മയുടേയും പ്രണയം; സേവ് ദ ഡേറ്റ് വീഡിയോയുമായി നടന്‍ ജോജിയുടെ മാതാപിതാക്കള്‍

പണ്ട് കല്ല്യാണക്കുറി നല്‍കിയാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിവാഹത്തിന് ക്ഷണിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡെല്ലാം മാറി. സേവ് ദ ഡേറ്റ് വീഡിയോകളാണ് ഇപ്പോഴത്തെ ഹൈലൈറ്റ്. വാട്‌സാപ്പിലൂടേയും മെസ്സെഞ്ചെറിലൂടേയുമെല്ലാം സേവ് ദ ഡേറ്റ് വീഡിയോ അയച്ചുനല്‍കിയാണ് ഇന്ന് പലരും കല്ല്യാണത്തിന് വിളിക്കുന്നത്. പുതുതലമുറയ്ക്ക് അത് പുതുമയുമുള്ള കാര്യമല്ലെങ്കിലും പഴയ തലമുറയിലെ പലര്‍ക്കെങ്കിലും ഒരു തവണയെങ്കിലും ഈ സേവ് ദ ഡേറ്റ് വീഡിയോയില്‍ അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിട്ടുണ്ടാകും.
ഇത്തരത്തില്‍ അച്ഛന്റേയും അമ്മയുടേയും ആഗ്രഹത്തിന് ഒപ്പംനിന്നിരിക്കുകയാണ് നടന്‍ ജോജി ജോണ്‍. ജോജിയുടെ മാതാപിതാക്കളായ ജോണും ലൂസമ്മയും അഭിനയിച്ചുതകര്‍ത്ത സേവ് ദ ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. മന്ത്രി ശിവന്‍കുട്ടി, നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇരുവര്‍ക്കും ആശംസ അറിയിച്ചിട്ടുണ്ട്.
1942: എ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ചുവടുപിടിച്ച് 1970: എ ലവ് സ്റ്റോറി എന്ന പേരിലാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ സിനിമയിലെ ഏക് ലഡ്കി കോ ദേഘാ തോ ഏസാ ലഗാ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ജോജി സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടേയാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
ഇരുവരുടേയും അമ്പതാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ വീഡിയോ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് വില്ലനായതോടെ ഷൂട്ടിങ് നീണ്ടുപോയി. ഒടുവില്‍ 53-ാം വിവാഹവാര്‍ഷികത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വീഡിയോ ചെയ്തിരിക്കുന്നത്.
വിവാഹദിനത്തിന്റെ ഒരു റീക്രിയേഷന്‍ എന്ന ആശയത്തിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഷൂട്ടിങ്. ഇതിനായി ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ ഡ്രസ്സിങ് സ്റ്റൈലാണ് തിരഞ്ഞെടുത്തത്. ജോജിയുടേത് തന്നെയാണ് ഈ വീഡിയോയുടെ ആശയം.
ആത്രേയ വെഡ്ഡിങ് സ്‌റ്റോറീസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ ക്യാമറാമാനും ഒരു പ്രത്യേകത ഉണ്ട്. വിവാഹദിനത്തില്‍ ഇരുവരുടേയും ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫറുടെ മകനാണ് ഈ വീഡിയോയുടെ ക്യാമറാമാന്‍. സിനിമയില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിക്കുന്ന ബോബന്‍ വാരാപ്പുഴയാണ് ഇരുവരുടേയും മേക്കപ്പ് ചെയ്തത്.
മുണ്ടക്കയത്തെ ഓള്‍ഡ് ഫൊറോന പള്ളിയില്‍വെച്ചാണ് വിവാഹ വാര്‍ഷികാഘോഷം. സിനിമാ മേഖലയില്‍ നിന്ന് ദിലീഷ് പോത്തന്‍, ശ്രീകാന്ത് മുകളി, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Content Highlights: save the date video of actor joji johns parents gone viral