സതീഷ് ഷായുടെ അനുശോചനയോഗത്തില്‍ പ്രിയഗാനം ആലപിച്ച് സോനു നിഗം, ഒപ്പം ആലപിച്ച് ഭാര്യ മധു ഷാ | വീഡിയോ

ബോളിവുഡ് നടന്‍ സതീഷ് ഷായുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് സിനിമാലോകം. 74-കാരനായ സതീഷ് ഷാ വൃക്ക തകരാറിനെ തുടര്‍ന്നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ അനുശോചന യോഗത്തില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്‍ അഞ്ജാന്‍ ശ്രീവാസ്തവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ഇതിന്റെ വീഡിയോകള്‍ ഇതിനകം കണ്ടുകഴിഞ്ഞത്.
പ്രാര്‍ഥനായോഗത്തില്‍ നടന്‍ സോനു നിഗം സതീഷ് ഷായുടെ പ്രിയഗാനമായ ‘തേരേ മേരേ സപ്‌നേ’ ആലപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സതീഷ് ഷായുടെ ഭാര്യ മധു ഷായും സോനു നിഗത്തിന്റെ ഗാനത്തിനൊപ്പം പാടി. സോനു നിഗം നീട്ടിയ മൈക്കിലൂടെയാണ് മധു ഷാ തന്റെ പ്രിയതമന്റെ ഇഷ്ടഗാനം ആലപിച്ചത്.
മറവിരോഗമുള്ള (അല്‍സ്‌ഹൈമേഴ്‌സ്) ആളാണ് സതീഷ് ഷായുടെ ഭാര്യ മധു. മധുവിനെ പരിചരിക്കാനായി തന്റെ ജീവിതം നീട്ടിക്കൊണ്ടുപോകാന്‍ സതീഷ് ഷാ ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടിയാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം തയ്യാറായതെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
Also Read: 'നോക്കൂ, ഞാന്‍ വളരെ ആരോഗ്യവാനാണ്'; മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സതീഷ് ഷാ പറഞ്ഞത്
'സോനു നിഗത്തിന്റെ മനോഹരഗാനം ഈ അനുശോചനയോഗത്തെ വളരെ സ്‌പെഷ്യലാക്കി. ഈ നിമിഷങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകും. സതീഷിന്റെ പ്രിയപ്പെട്ട ഗാനം മധു ഭാഭിക്ക് മുന്നില്‍ സോനു പാടി. കൂടാതെ സംഗീതത്തിന് നമ്മുടെ ദുഃഖം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇത് ഓര്‍മിപ്പിക്കുന്നു.' -ഇതാണ് അഞ്ജാന്‍ ശ്രീവാസ്തവ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് സതീഷ് ഷാ അന്തരിച്ചത്. ഉച്ചഭക്ഷണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യന്‍ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) പരിശീലനം നേടി. 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍' (1978) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം തന്റെ കരിയറില്‍ 250-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.