'എന്റെ മതവിശ്വാസത്തേയും വസ്ത്രധാരണത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ല'

സാറാ അലി ഖാന്‍ | Photo: instagram/ sara ali khan
സാറാ അലി ഖാന്‍ | Photo: instagram/ sara ali khan

ബോളിവുഡിലെ താരപുത്രിയാണ് സാറാ അലി ഖാന്‍. സെയ്ഫ് അലി ഖാന്റേയും അമൃത സിങ്ങിന്റേയും മകള്‍. തന്റേതായ അഭിനയശൈലിയിലൂടെ ബോളിവുഡില്‍ ഇടം കണ്ടെത്താനും സാറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ കാര്യമാക്കാറില്ലെന്നും അവനവന്റെ ബോധ്യങ്ങളാണ് മുന്നോട്ടുപോകാനുള്ള നല്ല വഴിയെന്നും സാറ വ്യക്തമാക്കുന്നു. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാറ.

'വളരെ സഹജമായതും അന്തര്‍ലീനമായതുമായ ഗുണങ്ങളോട് കൂടിയാണ് ഞാന്‍ വളര്‍ന്നത്. മറ്റുള്ളവര്‍ എന്നെ കുറിച്ച് പറയുന്ന അഭിപ്രായങ്ങളില്‍ ഒരിക്കലും അസ്വസ്ഥയായിട്ടില്ല. എന്റെയുള്ളില്‍ ഞാനിപ്പോഴും റഷ്യന്‍ ചരിത്രം പഠിക്കാന്‍ കൊളംബിയയിലേക്ക് പോയ അതേ പെണ്‍കുട്ടിയാണ്. ഞാന്‍ എന്താണെന്നുള്ള എന്റെ ബോധ്യവും മറ്റുള്ളവര്‍ പറയുന്നതുകേട്ട് സ്വയം വിലയിരുത്താതിരിക്കുന്നതുമാണ് മുന്നോട്ടുള്ള ഒരേയൊരു വഴി എന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ജോലിയുടെ കാര്യത്തില്‍ ഏതു തരത്തിലുള്ള വിമര്‍ശനങ്ങളേയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഞാന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് ഞാന്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് എങ്ങനെ നന്നാക്കാം എന്ന് ഞാന്‍ ആലോചിക്കും. എന്നാല്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍, അത് എന്റെ മതവിശ്വാസമായാലും വസ്ത്രധാരണത്തിലായാലും എയര്‍പോര്‍ട്ടില്‍ പോകുമ്പോഴുള്ള ഹെയര്‍ സ്‌റ്റൈലായാലും ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല.'  സാറ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സാറ അവസാനം അഭിനയിച്ചത്. അനുരാഗ് ബസുവിന്റെ മെട്രോ ഇന്‍ ദിനോം, കണ്ണന്‍ അയ്യര്‍ സംവിധാനം ചെയ്ത ഏ വതന്‍ മേരേ വതന്‍ എന്നിവയാണ് സാറയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
 

Content Highlights: sara ali khan says she doesnt care about criticism on her religious beliefs, choice of outfits