സഹായം ചോദിക്കുന്നതും തെറാപ്പി സ്വീകരിക്കുന്നതും ബലഹീനതയുടെ ലക്ഷണമല്ല; മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സാറാ അലി ഖാന്

ആരോഗ്യ സംരക്ഷണത്തിന് സമയവും പണവും ചെലവഴിക്കാന് തയ്യാറാണ് ഇന്നത്തെ സമൂഹം. എന്നാല് ശരീരം മാത്രമല്ല മാനസിക ആരോഗ്യവും സംരക്ഷിക്കപ്പെടേണ്ടതില് ഉള്പ്പെടുന്നുണ്ട് എന്ന് പലപ്പോഴും നാം മറന്നുപോകാറുണ്ട്. മാനസിക ആരോഗ്യത്തിന് അതിന്റേതായ പരിഗണനയും പ്രാധാന്യവും നല്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നടി സാറാ അലി ഖാന്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സാറ അഭിനയത്തിനിടയ്ക്കുണ്ടാകുന്ന സമ്മര്ദ്ദങ്ങളെക്കുറിച്ചും മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെച്ചത്. ബോളിവുഡില് ജോലിയുമായി ബന്ധപ്പെട്ട് സമ്മര്ദ്ദങ്ങള് ഉണ്ടാകുമ്പോള് മറ്റുള്ളവരോട് സഹായം അഭ്യര്ത്ഥിക്കുന്നതും കുറച്ച് വിശ്രമിക്കുന്നതും അത്യാവശ്യമാണ് എന്ന് സാറ അഭിപ്രായപ്പെട്ടു. ഇങ്ങനെ ചെയ്യുന്നതില് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല എന്നും താരം കൂട്ടിച്ചേര്ത്തു.
സാറയെ സംബന്ധിച്ച് മാനസികാരോഗ്യം നിലനിര്ത്തുക എന്നാല് എളുപ്പമുള്ള കാര്യമാണ്. ഇതിനായി ദൈനംദിന ജീവിതത്തില് ഒരു നിമിഷം കടമെടുത്ത് നിശ്വസിക്കുകയും കരയാന് അനുവദിക്കുകയും ചെയ്യുക എന്നാണ് സാറ നിര്ദേശിക്കുന്നത്. ഒരാളുടെ വികാരങ്ങളെ ഉള്ളിലടക്കിവെക്കുന്നതല്ല അംഗീകരിക്കാനുള്ള ധൈര്യമാണ് യഥാര്ത്ഥ ശക്തി എന്നും സാറ അഭിമുഖത്തില് പങ്കുവെച്ചു. താന് ജോലി ചെയ്യുന്ന അന്തരീക്ഷത്തില് ചില സമയങ്ങളില് സമ്മര്ദ്ദം താങ്ങാന് സാധിക്കുന്നതിലും അധികമായിരിക്കും. അപ്പോള് എല്ലാം നേരിടാന് ശക്തരായിരിക്കണം എന്ന ചിന്ത വരും.
മാനസികാരോഗ്യത്തിന് വേണ്ടി തെറാപ്പികളും സഹായവും ആവശ്യപ്പെടുന്നത് നമ്മുടെ ബലഹീനതയുടെ ലക്ഷണമല്ല. അവ വളര്ച്ചയുടേയും സ്വയം അവബോധത്തിന്റെയും ഉപകരണങ്ങളാണ്. പ്രശ്നങ്ങളിലൂടെ കടന്ന് പോകുമ്പോള് തെറാപ്പി വളരെ ഉപകാരപ്രദമായിരിക്കും. നിങ്ങളുടെ വികാരങ്ങളെ മനസിലാക്കാനും അതിനെക്കുറിച്ച് പ്രതിഫലിക്കാനും തന്നോട് തന്നെ സത്യസന്ധരായിരിക്കാനും ഇത് സഹായിക്കും.
പുതിയ തലമുറയ്ക്കിടയില് മാനസികാരോഗ്യത്തിനെക്കുറിച്ചുള്ള ചര്ച്ചകള് സജീവമാണെങ്കിലും ഇപ്പോഴും ഇതിനെക്കുറിച്ചുള്ള തെറ്റായ ധാരണകള് ആളുകള്ക്കിടയില് ഉണ്ടെന്ന് താരം വിശ്വസിക്കുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയും ആവശ്യമെങ്കില് സഹായം ആവശ്യപ്പെടുകയും ചെയ്യണം എന്നാണ് സാറ പറയുന്നത്.
Content Highlights: Bollywood actress Sara Ali Khan emphasizes that seeking help and therapy for mental health is a sign of growth and self-awareness, not weakness.