'റൊട്ടിക്കൊപ്പം വിളമ്പിയത് സ്വര്‍ണം';അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തെ കുറിച്ച് തമാശയോടെ സാറ

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ ബോളിവുഡിലെ താരനിരയൊന്നാകെ പങ്കെടുത്തിരുന്നു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു ആദ്യ പ്രീ വെഡ്ഡിങ്. ഇറ്റലിയില്‍ ആഡംബര കപ്പലിലാണ് രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം സാറ അലി ഖാന്‍ ആഡംബരം നിറഞ്ഞ രണ്ട് ആഘോഷങ്ങളെ കുറിച്ചും സംസാരിക്കകുയാണ്.
ആഘോഷവേദിയില്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം വജ്രം കാണാന്‍ സാധിച്ചിരുന്നെന്നും റൊട്ടിക്കൊപ്പം വിളമ്പിയിരുന്നത് സ്വര്‍ണമായിരുന്നെന്നും സാറ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാറ സ്വത്യസിദ്ധമായ ശൈലിയില്‍ നര്‍മം കലര്‍ത്തി അംബാനിക്കല്ല്യാണത്തെ കുറിച്ച് വിവരിച്ചത്. പ്രീ വെഡ്ഡിങ് ആഘോഷം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിനായിരുന്നു തമാശ കലര്‍ത്തിയുള്ള സാറയുടെ ഈ മറുപടി.
ആഡംബരം നിറഞ്ഞ കാഴ്ച്ചകള്‍പ്പുറം ഹൃദയം തൊടുന്ന നിമിഷങ്ങളും ആഘോഷത്തിനിടെയുണ്ടായെന്നും സാറ പറയുന്നു. അതില്‍ നിത അംബാനിയുടെ നൃത്തമായിരുന്നു തന്റെ ഹൃദയത്തിലിടം നേടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'അങ്ങേയറ്റം ആതിഥ്യ മര്യാദയോടെയാണ് അംബാനി കുടുംബം അതിഥികളെ സ്വീകരിച്ചത്. എല്ലാവരുടേയും മനസ് നിറയ്ക്കുന്ന രീതിയിലായിരുന്നു ആഘോഷങ്ങളും ചടങ്ങുകളും ഒരുക്കിയത്. സ്‌കൂളില്‍ എന്റെ സഹപാഠിയാണ് ആനന്ദ്. കുട്ടിക്കാലം മുതല്‍ രാധികയേയും പരിചയമുണ്ട്.' അഭിമുഖത്തില്‍ സാറ പറയുന്നു.
ആനന്ദിന്റേയും രാധികയുടേയും ഹസ്താക്ഷര്‍ ചടങ്ങിനെ കുറിച്ചും സാറ സംസാരിച്ചു. ചടങ്ങിനുശേഷം ആനന്ദും രാധികയും ഉള്ളിലുള്ള സ്‌നേഹം മറച്ചുവെയ്ക്കാതെ മുഖത്തോട് മുഖം നോക്കിയിരുന്നത് തന്റെ മനസില്‍ തെളിഞ്ഞുനില്‍ക്കുന്ന ഓര്‍മയാണെന്ന് സാറ പറയുന്നു.
മാര്‍ച്ച് ആദ്യ വാരമായിരുന്നു ജാംനഗറില്‍ പ്രീ വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചത്. മെയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെയായിരുന്നു ആഡംബര കപ്പലിലെ ആഘോഷങ്ങള്‍. അതില്‍ നിന്നുള്ള ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം റോമി ട്രെവി ഫൗണ്ടെയ്‌ന് മുന്നില്‍ നില്‍ക്കുന്നതും കാഷ്വല്‍ ഔട്ട്ഫിറ്റില്‍ കാനില്‍ നിന്നെടുത്ത ചിത്രങ്ങളും സാറ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: sara ali khan jokes people ate gold with rotis at anant ambani radhika merchants pre wedding