'ഷൂട്ടിങ് കഴിഞ്ഞെത്തിയാല്‍ മദ്യപാനം തുടങ്ങും, പുലര്‍ച്ചെ 2 മണിക്കെല്ലാം ഭക്ഷണം കഴിച്ച് എല്ലുകള്‍ മേശക്കടിയിലേക്ക് വലിച്ചെറിയും'

കോശിഷ്, ഷോലെ എന്നീ ചിത്രങ്ങളില്‍ സഞ്ജീവ് കുമാര്‍ | Photo: youtube screengrab
കോശിഷ്, ഷോലെ എന്നീ ചിത്രങ്ങളില്‍ സഞ്ജീവ് കുമാര്‍ | Photo: youtube screengrab

ഷോലെ, ത്രിശൂല്‍, ഖിലോന തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ സഞ്ജീവ് കുമാര്‍ അദ്ദേഹത്തിന്റെ തലമുറയിലെ ശ്രദ്ധിക്കപ്പെട്ട നടന്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ അഭിനയജീവിതം അധികകാലം തുടരാന്‍ സഞ്ജീവിന് കഴിഞ്ഞില്ല. 47-ാം വയസില്‍ അദ്ദേഹം അന്തരിച്ചു.

ചെറിയ പ്രായത്തിലുള്ള ഈ മരണത്തെ കുറിച്ച് ഇപ്പോള്‍ തുറഞ്ഞുപറഞ്ഞിരിക്കുകയാണ് സഞ്ജീവിന്റെ അടുത്ത സുഹൃത്തും നടനുമായ പരീക്ഷിത് സാഹ്നി. തന്റെ ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു സഞ്ജീവെന്നും മദ്യപാനശീലമാണ് ആരോഗ്യത്തെ ബാധിച്ചതെന്നും പരീക്ഷിത് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിക്കെല്ലാം അദ്ദേഹം വയറുനിറയെ ഭക്ഷണം കഴിക്കുമായിരുന്നു. മദ്യപാനശീലത്തിനൊപ്പം ഈ ജീവിതശൈലി കൂടി ആയതോടെയാണ് ഹൃദയാഘാതമുണ്ടായതെന്നും പരീക്ഷിത് ചൂണ്ടിക്കാണിക്കുന്നു.

'അദ്ദേഹത്തിന് ദുശ്ശീലങ്ങളുണ്ടായിരുന്നു. ഷൂട്ടിങ്ങിനുശേഷം ഒരുപാട് മദ്യപിക്കുമായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കെല്ലാം വയറു നിറയെ ഭക്ഷണം കഴിക്കും. എല്ലുകള്‍ മേശയ്ക്കടിയിലേക്ക് വലിച്ചെറിയുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചത്. ഹൃദയാഘാതമായിരുന്നു.' എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പരീക്ഷിത് പറയുന്നു.

1968-ല്‍ പുറത്തിറങ്ങിയ 'അനോഖി രാത്' എന്ന സിനിമയുടെ സെറ്റില്‍ വെച്ച് കണ്ടുമുട്ടിയ സംഭവവും പരീക്ഷിത് ഓര്‍ത്തെടുത്തു. 'അദ്ദേഹം എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു. ഞാന്‍ റഷ്യയില്‍ നിന്ന് വന്നതേയുണ്ടായിരുന്നുള്ളൂ. അവര്‍ എന്നെ 'അനോഖി രാത്' എന്ന സിനിമയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ആ സമയത്ത് എനിക്ക് ഹിന്ദി അറിയില്ലായിരുന്നു, കാരണം ഞാന്‍ ആറ് വര്‍ഷം റഷ്യനാണ് സംസാരിച്ചത്. അതിനുമുമ്പ് എനിക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു. ഹിന്ദി സംസാരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

സഞ്ജീവ് കുമാറാണ് എനിക്ക് സംഭാഷണങ്ങള്‍ പറഞ്ഞുതന്നിരുന്നത്. അദ്ദേഹം എന്നെ ഉപദേശിക്കുമായിരുന്നു. സംഭാഷണങ്ങള്‍ പറയുമ്പോള്‍ ഞാന്‍ നിര്‍ത്തിയിരുന്നത് മുഴുവന്‍ തെറ്റായ സ്ഥലങ്ങളിലായിരുന്നു, എവിടെയാണ് നിര്‍ത്തേണ്ടതെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ഡയറക്ടര്‍ക്ക് ദേഷ്യം വരികയും എന്നോട് സംഭാഷണം പറയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷേ എവിടെയാണ് നിര്‍ത്തേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. സഞ്ജീവ് ഭായ് ആണ് അന്ന് എന്റെ രക്ഷയ്ക്കെത്തിയിരുന്നത്. അതിനുശേഷം അദ്ദേഹം മരിക്കുന്നതുവരെ ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.'-പരീക്ഷിത് പറയുന്നു.

നേരത്തെ നടന്‍ സച്ചിന്‍ പില്‍ഗാവോങ്കറും സഞ്ജീവ് കുമാറിന്റെ ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് ഓര്‍മിക്കുകയും നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം ആസ്വദിക്കാന്‍ സഞ്ജീവ് ഏതറ്റം വരെയും പോയിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 'അദ്ദേഹം പാലി ഹില്ലില്‍ ഒരു ഒരു ബിഎച്ച്‌കെ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നു. വീട്ടില്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം അനുവദനീയമല്ലാത്തതുകൊണ്ട്, നോണ്‍-വെജ് കഴിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ഈ വീട് എടുത്തത്.

അദ്ദേഹം പായയും നിഹാരിയുമെല്ലാം ഓര്‍ഡര്‍ ചെയ്യുമായിരുന്നു. സഞ്ജീവ് കുമാര്‍, ഷമ്മി കപൂര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, രണ്‍ധീര്‍ കപൂര്‍, പിന്നെ ഞാനും, ഞങ്ങളെല്ലാവരും അവിടെ ഒരുമിച്ച് ഭക്ഷണം കഴിക്കുമായിരുന്നു. പുലര്‍ച്ചെ അഞ്ച് മണി വരെ ഞങ്ങള്‍ മദ്യപാനം തുടരുന്നതുകൊണ്ട് പായ 4-5 തവണ വീണ്ടും ചൂടാക്കേണ്ടി വന്നിരുന്നു. എന്നിട്ടാണ് ഞങ്ങള്‍ പായ കഴിച്ചിരുന്നത്. ബേക്കറിയിലെ നാനിന്റെ കൂടെയാണ് ഞങ്ങള്‍ അത് കഴിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നത്.'-മുമ്പ് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറയുന്നു.

Content Highlights: sanjeev kumar drank heavily thats why he died parikshit sahni remembers him