'എല്ലാത്തിനുമൊടുവില്‍ ദൈവം നമുക്കായൊന്ന് കരുതിയിട്ടുണ്ടാകും'-47ാം വയസിലെ പ്രണയത്തെ കുറിച്ച് വിശാല്‍

ധന്‍സിക നായികയായെത്തുന്ന 'യോഗി ഡാ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നടന്‍ വിശാല്‍ തന്റെ വിവാഹത്തേയും പ്രണയത്തേയും കുറിച്ച് തുറന്നുപറഞ്ഞത്. 47-ാം വയസിലാണ് വിശാല്‍ വിവാഹിതനാകാന്‍ പോകുന്നത്. 15 വര്‍ഷത്തോളമായി അടുത്തറിയുന്ന ധന്‍സികയെ ജീവിതസഖിയാക്കാന്‍ ഒരുങ്ങുകയാണെന്ന് ചടങ്ങിനിടെ വിശാല്‍ പറഞ്ഞു.
എല്ലാത്തിന്റേയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാകുമെന്നും അങ്ങനെ അവസാനം തന്റെ ജീവിതത്തിലേക്ക് വന്ന പെണ്‍കുട്ടിയാണ് ധന്‍സികയെന്നും വിശാല്‍ പറഞ്ഞു. നടികര്‍ സംഘം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അവിടെപ്പോയി ഇരിക്കുമെന്നും ഓഗസ്റ്റ് 15-നകം പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിശാല്‍ പറഞ്ഞു. ഓഗസ്റ്റ് 29-നാണ് ധന്‍സികയുടേയും വിശാലിന്റേയും വിവാഹം. നേരത്തെ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം പൂര്‍ത്തിയായിട്ടേ വിവാഹം ചെയ്യൂ എന്ന് വിശാല്‍ വ്യക്തമാക്കിയിരുന്നു.
ധന്‍സികയെ ഒരുപാട് ഇഷ്ടമാണെന്നും പരസ്പരം ഒരുപാട് മനസിലാക്കുന്നവരാണ് തങ്ങളെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ് താനെന്നും അവസാനം ദൈവം ഏറ്റവും മികച്ചൊരു വ്യക്തിയെ തന്നെ തനിക്കായി കാത്തുവെച്ചുവെന്നും വിശാല്‍ പറയുന്നു.
'രാവിലെ മുതല്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. കുറച്ച് ഗോസിപ്പുകള്‍ വന്നിട്ട് കാര്യം പറഞ്ഞാല്‍ മതിയെന്ന് പേരരസ് സര്‍ പറഞ്ഞിരുന്നു. ഇനി ഗോസിപ്പുകള്‍ വേണ്ട. ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുകയാണ്. ധന്‍സികയുടെ അച്ഛനും അമ്മയ്ക്കും മുമ്പില്‍വെച്ചുതന്നെ ഞാന്‍ ഇക്കാര്യം പറയുന്നു. അവരുടെ അനുഗ്രഹത്തോടെയാണ് ഇത് പറയുന്നത്. എന്റെ അച്ഛനും അമ്മയും ഈ പരിപാടിക്ക് വന്നിട്ടില്ല. എന്നേക്കാള്‍ എന്റെ അച്ഛനുമായാണ് ധന്‍സികയ്ക്ക് സൗഹൃദം.
ധന്‍സികയുടെ ആക്ഷനൊക്കെ കാണുമ്പോള്‍ ഞാന്‍ അല്‍പം ജാഗ്രതയോടെ ഇരിക്കേണ്ടി വരും. കാരണം അവരുടെ ഒരു കിക്ക് എന്റെ തലയ്‌ക്കൊപ്പം വരും. അതൊക്കെ ബ്ലോക്ക് ചെയ്യാന്‍ പാണ്ഡ്യന്‍ മാസ്റ്ററുടെ അടുത്തുപോയി പഠിക്കണമെന്ന് തോന്നുന്നു. അങ്ങനെയൊരു വഴക്ക് ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകില്ലെന്നുറപ്പാണ്. വിജയശാന്തി മാഡത്തിനുശേഷം ആക്ഷന്‍ ഇത്ര മനോഹരമായി ചെയ്യുന്ന നടി ധന്‍സികയാണെന്ന് തോന്നിയിട്ടുണ്ട്. ഞാനൊരു ആക്ഷന്‍ ഹീറോയാണെന്ന് അഭിമാനത്തോടെ പറയാറുണ്ട്. ഇപ്പോള്‍ ഒരു വീട്ടില്‍ ഒരു ആക്ഷന്‍ ഹീറോയ്‌നും ഹീറോയും. അതുകൊണ്ട് വീട്ടില്‍ വരുന്നവര്‍ സൂക്ഷിക്കേണ്ടി വരും.
ഈ ചിരിച്ച മുഖത്തോടെ ജീവിതകാലം മുഴുവന്‍ ധന്‍സികയ്‌ക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം. അവളുടെ ചിരി അത്രയും മനോഹരമാണ്. അവള്‍ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അതില്‍ എനിക്ക് അസൂയയുണ്ട്. കഷ്ടകാലത്തിലും ഒപ്പം നില്‍ക്കുന്നവരാണവര്‍. എല്ലാവരേയും വിവാഹത്തിന് ക്ഷണിക്കും. നിങ്ങളുടെ പ്രാര്‍ഥന കൂടെയുണ്ടാകണം. അവളെ നല്ലപോലെ നോക്കും. എന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് എന്റെ വിവാഹവും.'-വിശാല്‍ പറയുന്നു.
Content Highlights: sai dhanshika and vishal love story