മൈനസ് 27 ഡിഗ്രിയുള്ള തടാകത്തില്‍ നീന്തി, ചൂട് കാപ്പി കുടിക്കുന്ന യുവതി; അമ്പരന്ന് സോഷ്യല്‍ മീഡിയ

ലോകത്തെ പല രാജ്യങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും കനത്ത തണുപ്പ് മൂലം മരണം വരെ സംഭവിച്ചു. മിക്കയിടങ്ങളിലും ദൈനംദിന ജീവിതത്തേയും അതിശൈത്യം ബാധിച്ചിട്ടുണ്ട്. ഇതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ തണുത്തുറഞ്ഞ തടാകത്തില്‍ മുങ്ങിനിവരുന്ന ഒരു റഷ്യന്‍ യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പ്രദേശത്താണ് സംഭവം.
ദ ബെസ്റ്റ് വൈറല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'തണുപ്പത്തൊരു കാപ്പി' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുറ്റിലും മഞ്ഞു വീണുകിടക്കുന്ന ഒരു തടാകത്തില്‍ നിന്ന് യുവതി മുങ്ങിനിവര്‍ന്ന് ചൂട് കാപ്പി എടുത്ത് കുടിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഒരു കവിള് കാപ്പി കുടിച്ച ശേഷം മൊബൈല്‍ ഫോണില്‍ താപനിലയും യുവതി കാണിക്കുന്നുണ്ട്. മൈനസ് 27 ഡിഗ്രിയാണ് അതില്‍ എഴുതിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള നീന്തല്‍ വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര് ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് സാധാരണമാണെന്നായിരുന്നു ഒരാളുടെ കമന്റ്. അവള് ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇത്രയും തണുപ്പില്‍ നീന്തണമെങ്കില്‍ കഠിന പരിശീലനം വേണമെന്നാണ് ഒരാളുടെ കമന്റ്.
ഡിസംബര്‍ 28-ന് ട്വീറ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ ഒമ്പത് ലക്ഷം ആളുകള്‍ കണ്ടു. 1429 പേര് റീട്വീറ്റ് ചെയ്തു. 11000-ത്തോളം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.