ഒളിച്ചുവെയ്‌ക്കേണ്ട കാര്യമല്ല; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളുമായി റിഹാന

ലോകത്താകമാനം ആരാധകരുള്ള പോപ് താരമാണ് റിഹാന. 2022 മെയ് മാസത്തിലാണ് റിഹാനയ്ക്കും ഭര്‍ത്താവായ അസാപ് റോക്കിക്കും ആണ്‍കുഞ്ഞ് പിറന്നത്. RZA അതെല്‍സ്റ്റണ്‍ മേയേഴ്‌സ് എന്നാണ് ഇരുവരും കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട റിഹാന മകന് ഒരു വയസ് പൂര്‍ത്തിയായ സന്തോഷവിവരവും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് താരം.
ഇപ്പോഴിതാ താരം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റിഹാനയുടെ വസ്ത്ര ബ്രാന്‍ഡായ Savage X Fenty-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതില്‍ പാല് കുടിക്കുന്ന കുഞ്ഞിന്റെ ഭാവങ്ങള്‍ മനോഹരമാണെന്ന് ആരാധകര്‍ പറയുന്നു. കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കേണ്ടതിന്റെ പ്രാധാന്യവും മുലയൂട്ടല്‍ സാമാന്യവത്കരിക്കേണ്ട ആവശ്യകതയുമാണ് ഈ ചിത്രങ്ങളിലൂടെ റിഹാന പറയാന്‍ ശ്രമിക്കുന്നതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.
ലോക മുലയൂട്ടല്‍ വാരാചാരണം സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ മകനും അസാപ് റോക്കിയും ഒരുമിച്ചുള്ള ചിത്രവും നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും റിഹാന പങ്കുവെച്ചിരുന്നു.
ബാര്‍ബഡോസിലെ സെയ്ന്റ് മൈക്കിളില്‍ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളര്‍ന്നത്. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അവരെ അമേരിക്കന്‍ പ്രൊഡ്യൂസറായ ഇവാന്‍ റോഗേഴ്‌സാണ് സംഗീതമേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
സംഗീതമേഖലയില്‍ ഗ്രാമി പുരസ്‌കാരങ്ങള്‍പോലെ വലിയ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷന്‍ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരില്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയില്‍ ഒമ്പത് ഗ്രാമി അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: rihanna Is normalising breastfeeding in the most gorgeous pictures with son