30 കഴിഞ്ഞ സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കണം; ജപ്പാനിലെ ജനനനിരക്ക് ഉയർത്താൻ നിര്‍ദേശവുമായി നേതാവ്

നഓകി ഹ്യകുത | Photo: X.com/@kenichi8755
നഓകി ഹ്യകുത | Photo: X.com/@kenichi8755

ടോക്കിയോ: ജപ്പാനിലെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ 30 വയസ്സ് തികയുമ്പോള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ച് നേതാവ്. പാർലമെന്‍റ് അംഗം നഓകി ഹ്യകുതയാണ് വിവാദ പരാമർശം നടത്തിയത്. ജപ്പാന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളേക്കുറിച്ച് സംസാരിക്കവെയാണ് ജാപ്പനീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ നഓകി ഹ്യകുതയുടെ വിചിത്രമായ നിര്‍ദേശം. 

25 വയസ്സിന് ശേഷം സ്ത്രീകള്‍ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും 30-ാം വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നുമാണ് മന്ത്രി മുന്നോട്ടുവെച്ച നിർദേശം. ഇതിലൂടെ നേരത്തെതന്നെ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ഇത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. 18 വയസ്സിനു ശേഷം സ്ത്രീകൾക്ക് സർവകലാ വിദ്യാഭ്യാസം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവഴി അവര്‍ക്ക് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ് നഓകി ഹ്യകുതയുടെ വിചിത്രവാദം. 

ഇദ്ദേഹം മുന്നോട്ടുവെച്ച സ്ത്രീവിരുദ്ധ ആശയത്തെ നിഷേധിച്ച രാജ്യത്തുടനീളമുള്ള സ്ത്രീകള്‍, ഹ്യകുതയോട് ക്ഷമാപണം നടത്താന്‍ ആവശ്യമുന്നയിച്ചു. സംഭവം വിവാദമായതോടെ തന്‍റെ പരാമർശത്തിൽ ക്ഷമാപണം നടത്തിയ മന്ത്രി, ജനനനിരക്ക് കുറയുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച ആരംഭിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ അക്കാര്യം പറഞ്ഞതെന്ന് വ്യക്തമാക്കി. 

ഈവിധത്തിലുള്ള എന്തെങ്കിലും ചെയ്യാതെ നമുക്ക് സാമൂഹികഘടനയെ മാറ്റാന്‍ കഴിയില്ലെന്നാണ് താന്‍ ആ നിര്‍ദേശത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നെന്നും നഓകി ഹ്യകുത പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജപ്പാനിലെ പ്രത്യുദ്പാദന നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഹ്യകുതയുടേതുപോലെയുള്ള പരാമര്‍ശങ്ങള്‍ രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലെ പുരുഷന്മാരെ വിവാഹംചെയ്യാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ മുമ്പ് വിമര്‍ശനത്തിന് കാരണമായിരുന്നു. 

ജാപ്പനീസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 350,074 കുട്ടികളാണ് ജനുവരി മാസം മുതല്‍ ജൂണ്‍വരെ ജപ്പാനില്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 5.7 ശതമാനത്തിന്റെ കുറവാണ് ഇത്.

Content Highlights: Japan leader's controversial statement