ഇനിയും ജനിക്കാത്ത എന്റെ മക്കളെ അത്രയേറെ ഇഷ്ടമാണ്, അവര്‍ക്കായി ഞാന്‍ യുദ്ധം ചെയ്യും -രശ്മിക മന്ദാന

അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് തെന്നിന്ത്യന്‍ നടി രശ്മികാ മന്ദാനയുടേയും നടന് വിജയ് ദേവരകൊണ്ടയുടേയും വിവാഹം. ഈ മാസം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് ഇനിയും പിറക്കാത്ത മക്കളെ കുറിച്ച് വാചാലയാകുകയാണ് നടി. ഗുള്ട്ടെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പുതിയ ചിത്രമായ ദി ഗേള്‍ഫ്രണ്ടിന്റെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകന് രാഹുല്‍ രവീന്ദ്രനും ഉണ്ടായിരുന്നു. തന്റെ മക്കള്‍ക്ക് ആവശ്യമുള്ളത്രയും കാലം താന്‍ ജീവിച്ചിരിക്കേണ്ടതായുണ്ട് എന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. രശ്മികയ്ക്ക് ഇപ്പോള്‍ തോന്നുന്നതെന്താണോ മക്കള്‍ വന്ന് കഴിഞ്ഞാല്‍ അത് ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് രശ്മിക തന്റെ ജനിക്കാനിരിക്കുന്ന മക്കളെ കുറിച്ച് വാചാലയായത്. രാഹുല്‍ രവീന്ദ്രന് പറഞ്ഞതിനോട് പൂര്‍ണമായി യോജിച്ച രശ്മിക അമ്മയാകാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞു. തന്റെ പിറക്കാനിരിക്കുന്ന മക്കള്‍ക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്ന ആഗ്രഹവും താരം തുറന്നുപറഞ്ഞു.
Don’t Miss: വജ്രത്തിളക്കമുള്ള പ്രണയം; വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരത്തിന്റെ ദൃശ്യം പങ്കുവെച്ച് രശ്മിക മന്ദാന | വീഡിയോ
'ഞാന്‍ ഇപ്പോഴും അമ്മയായിട്ടില്ല. പക്ഷേ എനിക്ക് ഇപ്പോള്‍ തന്നെ അങ്ങനെ തോന്നുന്നു. എനിക്കറിയാം, എനിക്ക് മക്കളുണ്ടാകുമെന്ന്. അത് സംഭവിക്കുമെന്നതിനെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. ഇനിയും ജനിക്കാത്ത ആ കുഞ്ഞുമനുഷ്യര്ക്കുവേണ്ടി എന്റെയുള്ളില്‍ ശക്തമായി എന്തോ തോന്നുന്നു. അവര്‍ക്കുവേണ്ടി എനിക്ക് എല്ലാം ചെയ്യണം. അവരെ സംരക്ഷിച്ചുപിടിക്കണം. അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യേണ്ടിവരികയാണെങ്കില്‍ അതിന് സന്നദ്ധയായിരിക്കണം. അതേക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.' -രശ്മിക പറഞ്ഞു.